ആറ് ഘട്ടങ്ങൾ, കൃത്യമായ പ്ലാനിംഗ്; തമിഴകം പിടിക്കാൻ വിജയ് അടിത്തറ പാകിയത് ഇങ്ങനെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് വിജയിയുടെ ടിവികെ കുതിച്ചെത്തുന്നത് യാദൃശ്ചികമായുണ്ടായ ഒരു രാഷ്ട്രീയ തരംഗമല്ല മറിച്ച്, വർഷങ്ങളായുള്ള ആസൂത്രണത്തിലൂടെ അടിത്തറ പാകി വിജയ് കെട്ടിപ്പടുത്ത ഒരു സംവിധാനത്തിന്റെ ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡിഎംകെ സഖ്യത്തെ 75ലേക്കും എഐഎഡിഎംകെയെ 52ലേക്കും ചുരുക്കി വിജയ് നടത്തിയ ഈ രാഷ്ട്രീയ വിപ്ലവത്തിന് പിന്നിൽ ആറ് പ്രധാന ഘട്ടങ്ങളാണുള്ളത്.

ഒന്നാം ഘട്ടം: ഫാൻസ് ക്ലബ്ബുകളിൽ നിന്ന് സേവന ശൃംഖലയിലേക്ക്

ആരാധകരെ വെറും സിനിമ പ്രേമികളായി കാണാതെ വലിയൊരു സംഘടനാ സംവിധാനമായി മാറ്റുകയായിരുന്നു വിജയ്. തമിഴ്നാട്ടിലുടനീളമുള്ള ‘രസികർ മൺറങ്ങൾ’ വഴി രക്തദാന ക്യാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾ വർഷങ്ങളായി നടത്തിവന്നു. ഇതോടെ വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വിജയ് ഉറപ്പിച്ചു.

രണ്ടാം ഘട്ടം: 2021ലെ രഹസ്യ പരീക്ഷണം

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് 2021ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയ് തന്റെ കരുത്ത് പരീക്ഷിച്ചിരുന്നു. മക്കൾ ഇയക്കം പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചു. 169 പേർ മത്സരിച്ചതിൽ 115 പേരും വിജയിച്ചു. ഒരു പാർട്ടി ചിഹ്നമില്ലാതെ തന്നെ ജനങ്ങൾ തങ്ങളെ സ്വീകരിക്കുമെന്ന് തെളിയിച്ച സുപ്രധാന ഘട്ടമായിരുന്നു ഇത്.

മൂന്നാം ഘട്ടം: മികച്ച രീതിയിലുള്ള സംഘാടനം

വെറും ആവേശം മാത്രം പോരാ, രാഷ്ട്രീയത്തിന് അച്ചടക്കം വേണമെന്നും വിജയ് തീരുമാനിച്ചിരുന്നു . കോർപ്പറേറ്റ് രീതിയിലുള്ള അഭിമുഖങ്ങളിലൂടെയും പശ്ചാത്തല പരിശോധനയിലൂടെയുമാണ് വാർഡ് ഇൻചാർജർമാരെയും ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുത്തിരുന്നത്. ഇത് പാർട്ടിക്കുള്ളിൽ കൃത്യമായ ഒരു അധികാരശ്രേണി സൃഷ്ടിച്ചു.

നാലാം ഘട്ടം: ‘വിസിൽ’ ചിഹ്നവും ജനകീയ പ്രചാരണവും

പാർട്ടിയുടെ ചിഹ്നമായ വിസിൽ അതിവേഗം ജനങ്ങളിലേക്ക് പടർന്നു പന്തലിച്ചു. വീടുകൾക്ക് മുന്നിൽ വിസിൽ ആകൃതിയിലുള്ള കോലങ്ങൾ വരച്ചുകൊണ്ട് സ്ത്രീകൾ പിന്തുണ അറിയിച്ചു. സിനിമാ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന അതേ തന്ത്രങ്ങൾ രാഷ്ട്രീയത്തിലും ഫലപ്രദമായി നടപ്പിലാക്കി.

അഞ്ചാം ഘട്ടം: കൃത്യമായ കമാൻഡ് സെന്റർ

വർഷങ്ങളായി നിലവിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളെ പ്രചാരണത്തിനുള്ള പ്രധാന ആയുധമാക്കി മാറ്റി. താഴെത്തട്ടിലുള്ള വിവരങ്ങൾ വിജയ് നേരിട്ട് നിയന്ത്രിക്കുന്ന ഉന്നത സമിതിയിലേക്ക് എത്തുകയും, അവിടെ നിന്നുള്ള നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രവർത്തകരിലേക്ക് എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം. അഴിമതി വിരുദ്ധതയും യുവാക്കളുടെ ക്ഷേമവുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ.

ആറാം ഘട്ടം: അണ്ണാൻ പട

വിജയ് ആരാധകർക്കിടയിൽ ഏറെ പ്രചാരമുള്ള പേരാണ് ‘അണ്ണിൽ’ അഥവാ അണ്ണാൻ. 2011ൽ ജയലളിതയെ വിജയ് പിന്തുണച്ച കാലത്ത് തന്റെ ആരാധകരെ രാമായണത്തിലെ സേതുബന്ധനത്തിന് സഹായിച്ച അണ്ണാന്മാരോടാണ് വിജയിയുടെ പിതാവ് ഉപമിച്ചത്. എതിരാളികൾ പരിഹാസരൂപേണ വിളിച്ചിരുന്ന ഈ പേര് പിന്നീട് വിജയ് ആരാധകർ തങ്ങളുടെ സ്വത്വമായി ഏറ്റെടുക്കുകയായിരുന്നു. ഈ ചെറുകൂട്ടായ്മകളുടെ വലിയ അധ്വാനമാണ് ഇന്ന് വിജയിയെ മുഖ്യമന്ത്രി കസേരയ്ക്ക് അരികിൽ എത്തിച്ചിരിക്കുന്നത്.