ഏകീകൃത സിവില്‍ കോഡില്‍ സിപിഎമ്മും കോണ്‍ഗ്രസും മതധ്രുവീകരണത്തിന് ശ്രമിക്കുന്നു

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കേരളത്തില്‍ ഇടതുമുന്നണിയും വലതു മുന്നണിയും മതധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡ് ഒരു സമുദായത്തിന് എതിരെയല്ലെന്നും വിഷയത്തില്‍ ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സമുദായത്തിന് എതിരെയല്ല ഏകീകൃത സിവില്‍ കോഡ്, ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ശ്രമിക്കുന്നത്.

മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ബിജെപി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രത്യേക ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന നേതൃമാറ്റം സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ നേതൃത്വവുമാണെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *