പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും

കേരള സന്ദര്‍ശനത്തിന് കര്‍ണാടക കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് രോഗിയായ പിതാവിന കാണാനാകാതെ അദ്ദേഹം മടങ്ങുന്നത്.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഅ്ദനിയുടെ ഡിസ്ചാര്‍ജ് ഇന്ന് വൈകുന്നേരം ആറിന് എഴുതി വാങ്ങും. ആരോഗ്യ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശുപത്രി വിടരുതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. രാത്രി ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാര്‍ഗം പുറപ്പെടും.

കര്‍ണാടക കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ മഅ്ദനി 11 ദിവസമായി ചികിത്സയില്‍ കഴിയുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവിന്മേല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി കഴിഞ്ഞ 27നാണ് ബെംഗളൂരുവില്‍നിന്ന് വിമാന മാര്‍ഗം നെടുമ്പാശേരിയിലെത്തിയത്. റോഡ് മാര്‍ഗം പിതാവിനെ കാണാന്‍ സ്വദേശമായ ശാസ്താംകോട്ടയിലുള്ള കുടുംബവസതിയിലേക്കുള്ള യാത്രാ മധ്യേ ശാരീരികാസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യാത്രകള്‍ റദ്ദാക്കി. പിതാവിനെ കാണണമെന്നാഗ്രഹം ബാക്കി വെച്ചാണ് മഅ്ദനി ബെംഗളൂരുവിലേക്ക് തിരിക്കുന്നത്. ഇരു വൃക്കകളും തകരാറായതിനെ തുടര്‍ന്ന് ക്രിയാറ്റിന്‍ ലെവല്‍ 10.6ല്‍ എത്തിയതിനാല്‍ നിലവില്‍ ഡയാലിസിസ് ചെയ്യാനും കഴിയാത്ത അവസ്ഥയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മന്ത്രി അഹമദ് ദേവര്‍ കോവില്‍. ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദര്‍ശനം. മഅദനിക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പി.ഡി.പി ആരോപിച്ചിരുന്നു. ഇത്തരം ആക്ഷേപം ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. കര്‍ണാട സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മഅദനിയെ കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏര്‍പ്പാട് അത്യന്തം ഖേദകരമാണെന്നും വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം മഅദനിയുടെ മനസ്സിനെ തളര്‍ത്തിയിട്ടേയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അല്‍പം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളില്‍ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *