ഏക സിവില്‍ കോഡ്; ലീഗിനുള്ള ക്ഷണം പ്രശ്‌നാധിഷ്ഠിതമെന്ന് എം വി ഗോവിന്ദന്‍

തൃശൂര്‍: ഏക സിവില്‍ കോഡില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യ നിലനില്‍ക്കണമോ എന്നതാണ് പ്രശ്‌നം. ആ പ്രശ്‌നത്തില്‍ യോജിക്കാന്‍ പറ്റുന്നവരുമായി യോജിച്ച് പ്രവര്‍ത്തിക്കും. ലീഗിനോട് തൊട്ടു കൂട്ടായ്മയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂരില്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സുന്നി ഐക്യത്തില്‍ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേയ്ക്ക് ക്ഷണം കിട്ടിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. യു ഡി എഫില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. സി പി എം നീക്കം വിഭാഗീയമാണോയെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്നും പരിശോധിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പറയുമെന്ന് പി എം എ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സി പി എം ക്ഷണം ദുരുദ്ദേശപരമാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *