വകുപ്പുകളിലെ ‘ഇടപെടലി’ന് യുഡിഎഫ് ഷാഡോ കാബിനറ്റ്

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്തിമാരുടെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും ഷാഡോ കാബിനറ്റ് മാതൃകയില്‍ യുഡിഎഫ് ടീമുകള്‍. 5 ടീമുകളെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുന്‍കയ്യെടുത്ത് നിയോഗിച്ചത്.

ഏറ്റവുമൊടുവില്‍ രൂപീകരിച്ചത് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തുതുടങ്ങിയ തീരദേശ ഹൈവേയെക്കുറിച്ച് പഠിക്കാനുള്ള സംഘത്തെയാണ്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കണ്‍വീനറായ ഈ സമിതി ഉടന്‍ പഠന റിപ്പോര്‍ട്ട് നല്‍കും. ടി.എന്‍.പ്രതാപന്‍, എം.വിന്‍സന്റ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, എ.എന്‍.രാജന്‍ ബാബു, സലിം പി.മാത്യു എന്നിവരാണ് അംഗങ്ങള്‍.

ന്ത്രിമാര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു പോലെ ഓരോ നേതാവിനും താല്‍പര്യമുള്ള വിഷയം നോക്കിയാണ് പ്രതിപക്ഷ നേതാവ് ‘വകുപ്പു വിഭജനം’ നടത്തിയത്. സാമ്പത്തികവും തദ്ദേശഭരണവും സി.പി.ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്‍.കെ.പ്രേമചന്ദ്രന്‍, എന്‍.ഷംസുദ്ദീന്‍, പി.സി.തോമസ്, ജി.ദേവരാജന്‍, മാത്യു കുഴല്‍നാടന്‍, കെ.എസ്.ശബരീനാഥന്‍ എന്നിവരാണ് ഈ സംഘത്തിലുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഈയിടെ ധവളപത്രം തയാറാക്കിയത് ഈ സംഘമാണ്. വിദ്യാഭ്യാസ മേഖലയെക്കുറിച്ചു പഠിക്കുന്നത് കെ.സി.ജോസഫിന്റെ നേതൃത്വത്തിലാണ്. ഷിബു ബേബി ജോണ്‍, റോജി എം.ജോണ്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജോയ് ഏബ്രഹാം, എ.എന്‍.രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരാണ് ഒപ്പമുള്ളത്.

ആരോഗ്യ മേഖലയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഡോ.എംകെ.മുനീറിനെ ചുമതലപ്പെടുത്തി. അനൂപ് ജേക്കബ്, വി.എസ്.ശിവകുമാര്‍, പി.സി.വിഷ്ണുനാഥ്, കെ.ഫ്രാന്‍സിസ് ജോര്‍ജ്, എം.പി.സാജു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. കൃഷി മേഖലയെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നത് മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ്. ടി.സിദ്ദിഖ്, കുറുക്കോളി മൊയ്തീന്‍, എ.എ.അസീസ്, റോയ് കെ.പൗലോസ്, സലിം പി.മാത്യു എന്നിവര്‍ അംഗങ്ങളായുണ്ട്.

വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയാണ് സംഘങ്ങളുടെ പ്രധാന ചുമതല. ഇതറിഞ്ഞു വേണം നിലപാട് സ്വീകരിക്കാന്‍. കെ റെയിലിനെതിരെ യുഡിഎഫ് നിലപാട് സ്വീകരിച്ചത് ഉപസമിതി റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു. തീരദേശ പാതയ്‌ക്കെതിരെയും ജനരോഷമുണ്ടെന്നാണ് ഇതേക്കുറിച്ചു പഠിക്കുന്ന സമിതിയുടെ പ്രാഥമിക നിഗമനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും എല്ലാ സംഘത്തിലും അംഗങ്ങളാണ്

 

Leave a Reply

Your email address will not be published. Required fields are marked *