രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ വയനാട്ടിലേക്ക്,രാഹുലിന്ഇരപരിവേഷംനല്‍കി

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ അയോഗ്യതാക്കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധി തിരിച്ചടിയാണെങ്കിലും അതു രാഷ്ട്രീയ ആയുധമാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ്. രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ രാഹുലിന്റെ മണ്ഡലമായ വയനാട്ടിലേക്ക് കേന്ദ്രീകരിക്കുകയാണ്.

ദൗര്‍ഭാഗ്യത്തില്‍ നിന്നുള്ള ഭാഗ്യാവസരമാണ് (ബ്ലെസ്സിംഗ് ഇന്‍ ഡിസ്ഗയിസ്) കോണ്‍ഗ്രസിന്റെ മനസിലുള്ളത്.ബി.ജെ.പിക്കെതിരായ പോരാട്ട നായകനായി ഇരയുടെ പരിവേഷത്തോടെ അവതരിപ്പിക്കും.സുപ്രീംകോടതിയിലും തിരിച്ചടിയുണ്ടായാല്‍ രാഹുലിന് തിരഞ്ഞെടുപ്പില്‍ തത്കാലം മത്സരിക്കാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് പത്ത് മാസത്തിലേറെയുള്ളതിനാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനും വഴിയൊരുങ്ങിയേക്കാം.

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാല്‍ രാഹുലിനെ വര്‍ദ്ധിതവീര്യത്തോടെ അവതരിപ്പിക്കാനും കഴിയും. രണ്ടായാലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകന്നുപോയ മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവും അതുണ്ടാക്കിയ ഓളവും 2019ല്‍ കോണ്‍ഗ്രസിന് തനിച്ച് 16 സീറ്റുകള്‍ നേടിക്കൊടുത്തതില്‍ വലിയൊരു പങ്കുണ്ട്.അന്നത്തെ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍മതന്യൂനപക്ഷങ്ങളെയടക്കം പരമാവധി അടുപ്പിക്കാനുള്ള സോഷ്യല്‍ എന്‍ജിനിയറിംഗ് സി.പി.എം നടത്തുന്നുണ്ട്. ഏകീകൃത സിവില്‍കോഡിനെതിരായ പ്രചാരണം ശക്തമാക്കുന്നത് ഇതിന്റെ ഭാഗമാണ്.

ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസിലുള്ള ആശയക്കുഴപ്പം മുഖ്യമന്ത്രി ചര്‍ച്ചാവിഷയമാക്കുന്നതും ന്യൂനപക്ഷവോട്ടുബാങ്കുകളെ ഉന്നം വച്ചാണ്. കേരള കോണ്‍ഗ്രസ് സ്വാധീനം മദ്ധ്യകേരളത്തിലും മുസ്ലിം മതസംഘടനകളുടെ പിന്തുണ മലബാറിലും പ്രയോജനപ്പെടുത്താനാണ് ശ്രമം

രാഹുലിന്റെ ഇരപരിവേഷത്തില്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ തകിടംമറിയാതിരിക്കാനുള്ള ജാഗ്രത സി.പി.എം പുലര്‍ത്തുന്നുണ്ട്. രാഹുലിനെതിരായ വിധിയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സി.പി.എം ദേശീയതലത്തില്‍ സ്വീകരിച്ചത്. കേരളത്തിലും അതുതന്നെയാകും നിലപാട്. മതന്യൂനപക്ഷങ്ങളിലെ ബി.ജെ.പി വിരുദ്ധവികാരം ഇടതിന് എതിരാവാതെ നോക്കാനാണിത്. അതേസമയം, സ്വന്തം നേതാവിന്റെ കാര്യത്തില്‍പ്പോലും ശ്രദ്ധയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രചാരണം നടത്തും. കോണ്‍ഗ്രസിന്റെ ഉദാസീനതയാണ് അയോഗ്യതാവിധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടും.

 

Leave a Reply

Your email address will not be published. Required fields are marked *