കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദവുമായി ലീഗ്

ഇന്നു തിരുവനന്തപുരത്തുചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ പൊതുവ്യക്തിനിയമം മുഖ്യചര്‍ച്ചയാക്കി മാറ്റാന്‍ ലീഗ് നീക്കം. വിഷയത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏകോപനമുണ്ടാക്കുന്നതിനായും ലീഗ് സമ്മര്‍ദം ചെലുത്തും.

പൊതുവ്യക്തിനിയമം സംബന്ധിച്ചു സി.പി.എം സെമിനാറില്‍നിന്നും പാര്‍ട്ടി വിട്ടുനിന്നതിനാല്‍ തന്നെ പ്രവര്‍ത്തകരേയും സമസ്തയേയും തൃപ്തിപ്പെടുത്തുന്ന തീരുമാനം യു.ഡി.എഫ്. യോഗത്തില്‍ ഉരുത്തിരിഞ്ഞുവരണമെന്നാണു ലീഗ് നിലപാട്. യൂ.ഡി.എഫിന്റെ നേതൃത്വത്തില്‍ മത, രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാവരേയും ഒന്നിച്ചു അണിനിരത്തുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.

സി.പി.എമ്മിന്റെ ക്ഷണം ലീഗ് നിരസിച്ചതു കോണ്‍ഗ്രസിനു ആശ്വാസമാണെങ്കിലും യു.ഡി.എഫ്. യോഗത്തില്‍ ലീഗ് ശക്തമായ സമ്മര്‍ദംചെലുത്തും. ദേശീയ തലത്തില്‍ പൊതുവ്യക്തിനിയമത്തിനെതിരേ കോണ്‍ഗ്രസ് സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തീയതിയും കണ്ടിട്ടില്ല.

ഇത് ആശങ്കക്കിടയാക്കുന്നതാണെന്നും സി.പി.എം. വിഷയത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ലീഗ് ചൂണ്ടിക്കാട്ടും.ഇന്നത്തെ യോഗത്തില്‍, സി.പി.എം. രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും മുസ്ലിം മതസംഘടനകള്‍ക്കിടയിലേക്കു സി.പി.എം കടന്നുചെല്ലുന്നതു സംബന്ധിച്ചുള്ള ആശങ്കയും പങ്കുവയ്ക്കും.

ഇ.കെ. സമസ്തയും കാന്തപുരം എ.പി.വിഭാഗവും സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വിഷയത്തില്‍ യു.ഡി.എഫിനേക്കള്‍ വിശ്വാസം സി.പി.എമ്മിനോടാണെന്ന തരത്തില്‍ ചിലകോണുകളില്‍നിന്നും അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ഇതിനാല്‍ തന്നെ വിഷയത്തില്‍ യു.ഡി.എഫ്. ശക്തമായ നിലപാടു സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ഭാവില്‍ തിരിച്ചടിയാകുമെന്നും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *