സി.പി.എം. ക്ഷണം നിരസിച്ച് ലീഗ്

പൊതുവ്യക്തിനിയമം സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. ഇതു മുസ്‌ലിം വിഷയം മാത്രമായി കാണരുതെന്നും എല്ലാവരും ഏറ്റെടുത്ത് നടത്തേണ്ട കാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുവ്യക്തിനിയമവുമായി ബന്ധപ്പെട്ടു ഏറ്റവും നന്നായി പാര്‍ലമെന്റിലും മറ്റും പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണ്. യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയാണു മുസ്‌ലിം ലീഗ്. മറ്റു ഘടകകക്ഷികള്‍ക്കൊന്നും സെമിനാറിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയെന്ന നിലയ്ക്കും സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കേണ്ടെന്നാണു ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏതു രാഷ്ട്രീയ പാര്‍ട്ടിക്കും മതസംഘടനയ്ക്കും സെമിനാറില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിനോടു സഹകരിക്കുന്നതില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.

സെമിനാറിലേക്കുള്ള ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചെങ്കിലും വിഷയത്തില്‍ ലീഗിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമം സി.പി.എം. തുടരുമെന്നാണു സൂചന. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലും സമ്മര്‍ദമേറി. ദേശീയ തലത്തില്‍ പൊതു വ്യക്തി നിയമവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. ഇന്നു നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ മുസ്‌ലിം ലീഗ് ഇതിനായി സമ്മര്‍ദം ശക്തമാക്കും.

ലീഗിനെയും സമസ്തയെയും ഇടതുമുന്നണിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പൗരത്വബില്‍ വിഷയത്തിലേതിനു സമാനമായി ഇരുകൂട്ടരെയും സി.പി.എം. പൊതുവ്യക്തിനിയമ സെമിനാറിലേക്കു ക്ഷണിച്ചത്. നിലവില്‍ ഇടതുപാളയത്തിലേക്കു കണ്ണെറിഞ്ഞു നില്‍ക്കുന്ന സമസ്ത ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ലീഗ് തല്‍ക്കാലം ഇടതുപാളയത്തിലേക്കു നീങ്ങില്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറാനുള്ള സാധ്യത സി.പി.എം. മുന്നില്‍ കാണുന്നുണ്ട്.

ഇതിനായുള്ള കളമൊരുക്കല്‍ കൂടിയാണ് പൊതു വ്യക്തിനിയമത്തില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ മുന്‍കാലങ്ങളില്‍ സി.പി.എം. നേതൃത്വം പൊതു വ്യക്തി നിയമത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടുകള്‍ അവരെ തിരിഞ്ഞുകൊത്തുന്നുണ്ട്.ദേശീയതലത്തില്‍ പൊതു വ്യക്തിനിയമത്തിനെതിരായി കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അതിനൊപ്പം നില്‍ക്കുന്നതാണു ഗുണകരമെന്ന ചിന്തയും ലീഗിനുണ്ട്.

തങ്ങള്‍ കാണിച്ച മുന്നണിമര്യാദയ്ക്കു പകരമായി ശക്തമായ പ്രക്ഷോഭം നയിക്കാന്‍ ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ചെലുത്തും. നടത്താന്‍ നിശ്ചയിച്ച ജനസദസുകള്‍ക്കു തിയതി നിശ്ചയിക്കണമെന്നുംദേശീയ നേതാക്കളെ പങ്കെടുപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെടും. സമസ്ത ഇടതിനൊപ്പം നീങ്ങുന്നതിന്റെ വിഷമം തീര്‍ക്കാന്‍ കാന്തരപുരം വിഭാഗത്തെയടക്കം ജനസദസുകളിലേക്ക് എത്തിക്കാനും ശ്രമം തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *