വിവാദങ്ങളില്‍ മറുപടിയുമായി എം വി ഗോവിന്ദന്

തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടായെന്ന വിവാദങ്ങളില്‍ മറുപടിയുമായി എം വി ഗോവിന്ദന്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദന് പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവില്‍ കോഡിനെതിരായ സെമിനാറിന് എത്തും. ലീഗ് വരാത്തതിനാല്‍ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് ലീഗിന് അതേ പറ്റൂവെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഏക വ്യക്തി നിയമത്തിലെ ബിജെപി സമീപനത്തിനെതിരെ പ്രക്ഷോഭ പാതയിലാണ് കേരളത്തിലെ ഇരുമുന്നണികളും. കോഴിക്കോട്ട് പ്രഖ്യാപിച്ച സെമിനാറിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിക്കുക കൂടി ചെയ്തതോടെ ഇടതുമുന്നണിക്ക് അകത്തും മുന്നണികള്‍ തമ്മിലും അസ്വാരസ്യങ്ങളെന്ന വിവരം പുറത്ത് വന്നത്. ഏക സിവില്‍ കോഡില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുമ്പോഴും പരസ്യ പ്രതികരണത്തിന് സിപിഐ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ ലോ കമ്മീഷന് കരട് പോലും ആകാത്ത റിപ്പോര്‍ട്ടില്‍ എന്തിനാണ് വലിയ രാഷ്ട്രീയ ചര്‍ച്ചയെന്നാണ് പാര്‍ട്ടിയിലെ നേതാക്കളുടെ ചോദ്യം. ലീഗിനെ ക്ഷണിച്ച സിപിഎം നടപടിയില്‍ സിപിഐക്ക് അതൃപ്തിയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സിപിഎം ക്ഷണിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു എന്നാണ് വിലയിരുത്തല്‍ . ലീഗിനെ എല്‍ഡിഎഫിലേക്കെത്തിക്കാനുള്ള സിപിഎം നീക്കം കൂടി മനസ്സില്‍ കണ്ടാണ് സിപിഐക്കുള്ള അമര്‍ഷം.