സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം

തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും മുന്‍ ഏരിയ കമ്മിറ്റി അംഗം പരാതി നല്‍കി.

സമരക്കേസില്‍പ്പെട്ടവരെ ജാമ്യത്തിലിറക്കാന്‍ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാല്‍ ഈ തുക തിരികെ ലഭിച്ചെന്നും ഇത് പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും മുന്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം. ചാല ഏരിയ കമ്മിറ്റിയിലാണ് ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പ്രതിഷേധത്തിനിടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

ഇവരെ ജാമ്യത്തിലിറക്കാനാണ് എട്ട് ലക്ഷം രൂപ പിരിച്ചത്. പത്ത് ലോക്കല്‍ കമ്മിറ്റികളാണ് പണം പിരിച്ചത്. ഒരു വര്‍ഷം മുമ്പ് കേസ് പിന്‍വലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപ വീതമാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ പണം കൈമാറി. ഈ തുക പാര്‍ട്ടി അക്കൗണ്ടിലേക്ക് കൈമാറാനോ ചെലവ് കമ്മിറ്റികളില്‍ അവതരിപ്പിക്കാനോ നേതാക്കള്‍ തയാറായില്ല. പണം തട്ടിയെടുത്തവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *