സില്‍വര്‍ ലൈന്‍; ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇ ശ്രീധരന്‍ ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ തന്നെ മാറ്റണമെന്നും ഇ ശ്രീധരന്‍ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു മാര്‍ഗം.

ഇത് വഴി ചെലവ് വന്‍തോതില്‍ കുറയും, ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കി തന്നെ നിലനിര്‍ത്തണമെന്നും ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയില്‍ മാറ്റം വരുത്തിയാല്‍ പരിശോധിക്കാമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയും പറഞ്ഞിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *