ഇന്ത്യയില്‍ ചികിത്സിക്കാന്‍ മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

തമിഴ്നാട് തിരുനെല്‍വേലി രാധാപുരം ഗണപതി നഗര്‍ സ്വദേശി മുരുകേശ്വരിയെയാണ് (29) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രെയിനില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയെങ്കിലും ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതി 2021 സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് 15 വരെ കുത്തുവഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു.
പിന്നീട് ആശുപത്രിയില്‍ എത്തിയ മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇതുസംബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ലൈഫ് കെയര്‍ ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
അന്വേഷണത്തില്‍ മുരുകേശ്വരി മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയതെന്ന് മനസിലായി . തുടര്‍ന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡി എം ഒയ്ക്ക് റിപ്പോര്‍ട്ടും പൊലീസില്‍ പരാതിയും നല്‍കി. തിരുനെല്‍വേലിയിലെ ബന്ധുവീട്ടില്‍ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയ്ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.