സ്വന്തക്കാര്‍ വിരമിച്ചാലും വമ്പന്‍ ശമ്പളത്തില്‍ പുനര്‍നിയമനം; സെക്രട്ടറിയേറ്റിലെ കാര്യങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നതരുടെ സ്വന്തക്കാര്‍ക്ക് യഥേഷ്ട നിയമനം തുടര്‍കഥ. ഇവര്‍ക്കൊക്കെ വമ്പന്‍നിരക്കിലുള്ള ശമ്പളം ഉറപ്പുവരുത്താനും പ്രത്യേക ശ്രദ്ധയാണുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസം പറഞ്ഞ് സാധാരണക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്.
സെക്രട്ടേറിയേറ്റില്‍ ഇഷ്ടക്കാരന് പുനര്‍ നിയമനം നല്‍കി ഡോ. കെ.എം. എബ്രഹാം. സെക്രട്ടേറിയേറ്റില്‍ നിന്ന് വിരമിച്ച ജോയിന്റ് സെക്രട്ടറി സി.ജെ. സുരേഷ് കുമാറിന് തന്റെ ഓഫീസില്‍ പുനര്‍ നിയമനം നല്‍കുകയായിരുന്നു ഡോ. കെ.എം. എബ്രഹാം. പൊതുഭരണവകുപ്പിന്റെ തസ്തികയാണിത്.
വിരമിച്ച ഇഷ്ടക്കാരന് പുനര്‍ നിയമനം നല്‍കുക വഴി ജോയിന്റ് സെക്രട്ടറി തലത്തില്‍ ഒരാള്‍ക്ക് ലഭിക്കേണ്ട പ്രൊമോഷന്‍ ഇല്ലാതാക്കുന്ന നടപടിയാണ് എബ്രഹാമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. എബ്രഹാമിന്റെ നടപടിക്കെതിരെ സംഘടന ഭേദമെന്യേ കടുത്ത പ്രതിഷേധം ആണ് സെക്രട്ടേറിയേറ്റില്‍ ഉയരുന്നത്.
പി.എസ്.സി വഴി ജോലിയില്‍ കയറേണ്ട ഒരു അസിസ്റ്റന്റ് തസ്തികയും റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഇതു മൂലം നഷ്ടപ്പെടും. ഒരു വര്‍ഷത്തേക്കാണ് പുനര്‍ നിയമനം. കാലാവധി കഴിയുമ്പോള്‍ വീണ്ടും നീട്ടി നല്‍കും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ജൂലൈ 5 ലെ മന്ത്രിസഭ യോഗത്തില്‍ വച്ചാണ് ഇഷ്ടക്കാരന് പുനര്‍ നിയമനം എബ്രഹാം സംഘടിപ്പിച്ചത്. 1.40 ലക്ഷം രൂപയാണ് ജോയിന്റ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളം. കിഫ് ബി സി.ഇ. ഒ ആയ എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു.
ചീഫ് സെക്രട്ടറിമാരെ നിയന്ത്രിക്കുന്ന സൂപ്പര്‍ ചീഫ് സെക്രട്ടറിയായാണ് എബ്രഹാം പ്രവര്‍ത്തിക്കുന്നത്. ശിവശങ്കറിന്റ താല്‍പര്യം പ്രകാരമാണ് മുഖ്യമന്ത്രി എബ്രഹാമിനെ തന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കി നിയമിച്ചത്. ശിവ ശങ്കര്‍ ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ ആയതോടെ എബ്രഹാം മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ക്യൂബ യാത്ര സംഘത്തിലും എബ്രഹാം ഉള്‍പ്പെട്ടിരുന്നു. എബ്രഹാമിന്റെ സൂപ്പര്‍ ചീഫ് സെക്രട്ടറി ചമയലില്‍ ഐഎഎസ് വൃത്തങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. മുഖ്യമന്ത്രിമാരെ കൈകാര്യം ചെയ്യാന്‍ എബ്രഹാമിനുള്ള വിരുത് പ്രസിദ്ധമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണക്കാലത്ത് എബ്രഹാം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ പിണറായി എത്തിയപ്പോള്‍ എബ്രഹാം ഐസക്ക് വഴി കിഫ് ബി സി.ഇ. ഒ ആയി . ഐസക്കിന്റെ കാലം കഴിഞ്ഞതോടെ എബ്രഹാം ശിവശങ്കര്‍ വഴി പിണറായിയുടെ ക്യാമ്പിലെത്തി