19 വര്‍ഷം മുമ്പ് നാടുവിട്ട മലയാളി, യുകെ പൊലീസിന്റെ പിടിയിലായി; തുണയായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് തുണച്ചു 19 വര്‍ഷം മുന്‍പ് നാട് വിട്ട യുവാവ് തിരികെ നാട്ടിലെത്തി. കല്ലമ്പലം നെടുംപറമ്പ് സ്വദേശി അജയ് ഭാസിയാണ് (37) തിരികെ നാട്ടിലെത്തിയത്. മകന്റെ തിരിച്ചുവരവില്‍ സന്തോഷവതിയാണ് മാതാവ് ശോഭയും ബന്ധുക്കളും. ദില്ലിയിലെ പൊതുപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയായ ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് തിരികെ നാട്ടിലെത്താന്‍ സഹായകമായത്

നാടുവിട്ട് ലണ്ടനിലെത്തിപ്പെട്ട ഇരട്ട സഹോദരന്മാരില്‍ ഒരാളായ അജയ് ഭാസി വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് യു കെ പൊലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അവിടത്തെ ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞു. ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞശേഷം അവിടെനിന്ന് എമര്‍ജന്‍സി പാസ്‌പോര്‍ട്ടില്‍ ദില്ലിയിലേക്ക് കയറ്റി അയച്ചു. ദില്ലിയില്‍ വന്നിറങ്ങുമ്പോള്‍ അജയ്യുടെ കൈയില്‍ ആകെയുള്ളത് പാസ്‌പോര്‍ട്ടും ഒന്ന് രണ്ടു മുഷിഞ്ഞ വസ്ത്രങ്ങളും മാത്രം. അവിടെ അലഞ്ഞുനടന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതെ കടയില്‍നിന്ന് ഭക്ഷണം എടുത്തു കഴിച്ചു.

കൊടുക്കാന്‍ പണമില്ലാത്തതിന് കടയുടമ പ്രശ്‌നമുണ്ടാക്കുമ്പോഴാണ് മലയാളി സാമൂഹിക പ്രവര്‍ത്തകയും സുപ്രീംകോടതി അഭിഭാഷകയുമായ ദീപ ജോസഫിന്റെ ശ്രദ്ധയില്‍പെടുന്നത്. അവര്‍ ഇടപെടുമ്പോള്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്ന ചെറുപ്പക്കാരന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്ന് മനസ്സിലായി. തുടര്‍ന്ന്, അവര്‍ അജയ്യുടെ ഫോട്ടോയെടുത്തു. കടയുടമക്ക് പണം നല്‍കിയശേഷം ജോലിക്ക് പോയി. തിരക്കൊഴിഞ്ഞപ്പോള്‍ ഫോട്ടോ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടിലെ വിലാസവും ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ആ ഫേസ്ബുക് പോസ്റ്റിലെ പാസ്‌പോര്‍ട്ട് വിലാസം കണ്ടാണ് അജയിയെ നാട്ടുകാര്‍ തിരിച്ചറിയുന്നത്. ഇവിടെനിന്ന് നാട്ടുകാര്‍ ദീപ ജോസഫിനെ ബന്ധപ്പെടുമ്പോള്‍ അജയ് എവിടെയുണ്ടെന്ന് അറിയാത്ത അവസ്ഥയായി. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. ദില്ലിയില്‍ മലയാളി അസോസിയേഷനും കൂടെക്കൂടി. അജയിയെ കണ്ടുപിടിക്കാന്‍ നാടൊന്നായി ഇറങ്ങി.

നാട്ടില്‍നിന്ന് കല്ലുവിള രാജീവ്, ഹേലി എന്നിവര്‍ ദില്ലിലേക്ക് പോയി. സി പി എം ജില്ല കമ്മിറ്റി അംഗം മടവൂര്‍ അനില്‍, അംബിക എം എല്‍ എ, എ എ. റഹീം എം പി എന്നിവര്‍ ഇടപെട്ടു. ദില്ലി മലയാളി അസോസിയേഷന്‍ ഭാരവാഹികൂടിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഷാജി അവിടെ പൊലീസ് നടപടികള്‍ ഏകോപിപ്പിച്ചു. ദില്ലിയിലേക്ക് പോയ രാജീവും ഹേലിയും അജയിയെ കണ്ടെത്താനാകാതെ ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. പക്ഷേ, അവര്‍ തിരികെയെത്തും മുമ്പുതന്നെ യുവാവിനെ കണ്ടെത്തിയെന്നുള്ള പൊലീസ് സന്ദേശം നാട്ടിലെത്തി.

ശനിയാഴ്ച ദില്ലിയില്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് അജയിയെ ദില്ലി എയര്‍പോര്‍ട്ട് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്ലുവിള രാജീവും ഹേലിയും അജയിയുടെ മാതാവ് ശോഭക്കൊപ്പം രാത്രി വീണ്ടും തിരിച്ചു ഡല്‍ഹിക്ക് പോയി. അവിടെ നടപടികള്‍ പൂര്‍ത്തിയാക്കി അജയിയെയും കൊണ്ട് അവര്‍ തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തി. ഉച്ചയോടെ കല്ലമ്പലത്തെ വീട്ടിലെത്തി. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അജയ് സ്വന്തം വീട്ടിലെത്തി

 

Leave a Reply

Your email address will not be published. Required fields are marked *