ജ്യേഷ്ഠന് ഇരിക്കുമ്പോള്‍ അനുജന് പോകാന്‍ പാടില്ലന്ന് എ.കെ.ആന്റണി പറഞ്ഞു

ഇത്ര സങ്കടപ്പെട്ടു കണ്ണീരോടെ ആന്റണിയെ ഭാര്യ എലിസബത്തും കണ്ടിട്ടുണ്ടാകില്ല. അവര്‍ ഇരുവരെയും ഒരുമിപ്പിച്ചത് ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മയുമാണ്. വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ആന്റണി. രാഷ്ട്രപതി സെയില്‍ സിങ് തിരുവനന്തപുരത്തു വന്നപ്പോള്‍ ആന്റണി കൂടി ഉള്‍പ്പെട്ട വേദിയില്‍ അല്പം നര്‍മം കലര്‍ത്തി അക്കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
കല്യാണം വേണ്ടെന്ന തീരുമാനം ഉപേക്ഷിച്ചത് ആന്റണി വെളിപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയോടാണ്. ‘പെണ്ണിനെ ബാവയും (മറിയാമ്മ) ഉമ്മന്‍ ചാണ്ടിയും കണ്ടുപിടിക്കൂ’ ആന്റണി ആവശ്യപ്പെട്ടു. ബാങ്കില്‍ ഒപ്പം ജോലി ചെയ്യുന്ന എലിസബത്തിന്റെ കാര്യം ഉമ്മന്‍ ചാണ്ടിയോടു മറിയാമ്മ പറഞ്ഞു. പെണ്ണുകാണാന്‍ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസില്‍ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് വിവാഹ നിശ്ചയവും റജിസ്റ്റര്‍ വിവാഹവും നടന്നതും അതേ പുതുപ്പള്ളിഹൗസില്‍.
വയലാര്‍ രവി കെഎസ്യു പ്രസിഡന്റായിരിക്കെ കോട്ടയത്തെ ഒരു പരിപാടിയില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടിയെ ആന്റണി ആദ്യം കാണുന്നത്. പിന്നീട് ആന്റണി പ്രസിഡന്റും ഉമ്മന്‍ ചാണ്ടി ജനറല്‍ സെക്രട്ടറിയും ആയതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും പേരുകേട്ട സൗഹൃദത്തിനു തുടക്കമായി. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് ആന്റണിയുടെ പേരില്‍ രൂപപ്പെട്ട ശേഷവും അതിനെ ഉറപ്പിച്ചു കൂട്ടിക്കെട്ടികൊണ്ടുപോയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടിയോടു ചര്‍ച്ച ചെയ്യാതെ സ്വകാര്യജീവിതത്തിലും രാഷ്ട്രീയത്തിലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആന്റണി എപ്പോഴും പറയാറുണ്ട്. പക്ഷേ, കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ആന്റണിയുടെ രാജികള്‍ ഉമ്മന്‍ ചാണ്ടി പോലും മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല.
പിന്‍ഗാമിയായി ഉമ്മന്‍ ചാണ്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യവും ആന്റണി രഹസ്യമായി വച്ചു. നിരീക്ഷകരായ പ്രണബ് മുഖര്‍ജിയും അഹമ്മദ് പട്ടേലും കേരളത്തിലെത്തിയ അന്ന് ഉമ്മന്‍ ചാണ്ടിയെ മാത്രമായി വിളിച്ച് ആന്റണി പറഞ്ഞു. ‘ഉമ്മന്‍ ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രി’. ആന്റണി വൈകാതെ ദേശീയ രാഷ്ട്രീയത്തിലേക്കു പൂര്‍ണമായി കൂടുമാറി. അപ്പോഴും കേരളത്തിലെ പ്രധാനപ്പെട്ട സംഘടനാ വിഷയങ്ങളെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു. ‘ഇത്രയും വിശ്വാസമുള്ള ഒരാള്‍ എനിക്കു വേറെയില്ല. എന്തും അദ്ദേഹത്തോടു പറയാം.
ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, വ്യക്തിപരമായ തര്‍ക്കമായി മാറിയിട്ടില്ല. മുഷിഞ്ഞു പിരിഞ്ഞ സന്ദര്‍ഭം ഉണ്ടായിട്ടില്ല’. ഡല്‍ഹിയില്‍നിന്ന് അടുത്തയിടെ കേരളത്തിലേക്കു തിരിച്ചെത്തിയ ആന്റണിയെ ഏറ്റവും അലട്ടിയത് ഉമ്മന്‍ ചാണ്ടിയുടെ രോഗമായിരുന്നു. ‘ഒരിക്കല്‍ കണ്ടപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഈ യാത്ര അകാലത്തിലാണ്. എനിക്കു മുന്‍പേ ഉമ്മന്‍ ചാണ്ടി പിരിയാന്‍ പാടില്ലായിരുന്നു