മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുദര്‍ശനം തിരുനക്കര മൈതാനത്ത്

തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര ജനലക്ഷങ്ങളുടെ ആദരവ് ഏറ്റുവാങ്ങി ഇരുപത്തെട്ട് മണിക്കൂര്‍ കൊണ്ടാണ് തിരുനക്കര എത്തിയത്. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ലക്ഷങ്ങളാണ് തിരുനക്കരയിലും പരിസരത്തും തടിച്ചുകൂടിയിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഒരു മനുഷ്യക്കടലായി മാറിയിരിക്കുകയാണ് തിരുനക്കര മൈതാനം.മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റ് പ്രമുഖരടക്കം തിരുനക്കരയില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ അവിടെയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു

സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും.

കുടുംബവീട്ടിലെ പൊതുദര്‍ശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിര്‍മ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികദേഹം സംസ്‌കരിക്കുന്നത്. രാഹുല്‍ ഗാന്ധി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍,കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ എത്തിയത്. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *