ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റയുടനെ സദസില്‍ നിന്ന് അപ്രതീക്ഷിതമായത് സംഭവിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ രണ്ട് കണ്ണൂരുകാര്‍. പിണറായി വിജയനും കെ. സുധാകരനും. അപൂര്‍വ്വമായി മാത്രം വേദി പങ്കിട്ടിട്ടുള്ള ഇരുവരും ഇന്നലെ ഒരേ വേദിയില്‍ വന്നു. പോര് മറന്ന് പരസ്പരം കൈകൂപ്പി.

സ്‌നേഹരൂപനായ ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ അയ്യന്‍കാളി ഹാളില്‍ കെ.പി.സി.സി സംഘടിപ്പിച്ച സമ്മേളനമായിരുന്നു അത്. ദുഃഖസാന്ദ്രമായ അന്തരീക്ഷം. വേദിയിലെത്തിയ മുഖ്യമന്ത്രി മറ്റ് നേതാക്കളുടെ കൈ പിടിച്ച് സൗഹൃദം പങ്കിട്ടു. സുധാകരന് കൈ കൂപ്പല്‍ മാത്രം. സുധാകരന്‍ തിരിച്ചും കൈ കൂപ്പി. അടുത്തിരുന്ന വി.ഡി.സതീശനോടും രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി കുശലം പറഞ്ഞെങ്കിലും സുധാകരന്‍ അങ്ങോട്ട് നോക്കിയതേയില്ല. മുഖ്യമന്ത്രി സുധാകരനെയും ശ്രദ്ധിച്ചില്ല. എഴുതിത്തയ്യാറാക്കിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ കെ. സുധാകരന്‍, മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ഉമ്മന്‍ ചാണ്ടി നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഇത്രയും തരംതാണ രീതിയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പോലും അദ്ദേഹം മോശമായി പ്രതികരിച്ചിട്ടില്ല. വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹംകൊണ്ട് നേരിട്ടു ഉമ്മന്‍ചാണ്ടി. കാര്‍മേഘപടലങ്ങളില്‍ നിന്ന് സത്യം വൈകിയെങ്കിലും പുറത്തുവന്നത് ആഹ്ലാദകരമാണ് സുധാകരന്‍ പറഞ്ഞു.അതിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സുധാകരന്‍ പറഞ്ഞതിലേക്കൊന്നും മുഖ്യമന്ത്രി കടന്നില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃപാടവത്തെ പുകഴ്ത്തിയായിരുന്നു സംസാരമേറെയും. രോഗം മറന്നും പാര്‍ട്ടിക്കായി ജീവിച്ചതും അനുസ്മരിച്ചു. മടങ്ങുമ്പോഴും മുഖ്യമന്ത്രിയും സുധാകരനും പരസ്പരം അഭിവാദ്യം ചെയ്തു. അയ്യങ്കാളിഹാളില്‍ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.

മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാല്‍ക്കണിയില്‍ നിന്നിന്ന് ചില പ്രവര്‍ത്തകര്‍ ‘ഉമ്മന്‍ ചാണ്ടി സിന്ദാബാദ് ‘ മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം നീണ്ടപ്പോള്‍ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും കൈയുയര്‍ത്തി മുദ്രാവാക്യം വിളി നിറുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.മൈക്ക് തകരാറിലായതും മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഇടയ്ക്ക് തടസ്സപ്പെടുത്തി. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് മൈക്കില്‍ ശബ്ദത്തകരാറുണ്ടായത്. പെട്ടെന്ന് തന്നെ തകരാര്‍ പരിഹരിച്ചു. അദ്ദേഹം പ്രസംഗം തുടര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *