ട്രാവന്‍കൂര്‍ പാലസ്: ഉദ്ഘാടനത്തിന് 40 ലക്ഷം അനുവദിച്ചു

ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിനാണ് 40 ലക്ഷം അനുവദിച്ചിരിക്കുന്നത്; പിണറായി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെ.വി. തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഉദ്ഘാടന മാമാങ്കത്തിന് 40 ലക്ഷം; ഉത്തരവ് പുറത്ത് ഉദ്ഘാടന മാമാങ്കങ്ങള്‍ മുഖ്യമന്ത്രിക്ക് ഹരമാണ്.
സര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനങ്ങള്‍ക്ക് വമ്പന്‍ തുക ഖജനാവില്‍ നിന്ന് ചെലവിടലാണ് പിണറായി വിജയന്റെ ഹോബി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ ചെലവിനുവേണ്ടി കൂടുതല്‍ തുക കടമെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എങ്കിലും ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഉദ്ഘാടനം നടത്തിയാലേ മുഖ്യമന്ത്രിക്ക് ഒരു സമാധാനം ഉള്ളൂ.
ഇപ്പോള്‍, ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിന് 40 ലക്ഷം അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. റസിഡന്റ് കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ലക്ഷങ്ങള്‍ അനുവദിച്ചത്. 40 ലക്ഷം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് കഴിഞ്ഞദിവസം ഇറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഉദ്ഘാടനവും നിര്‍വഹിക്കുക. കെ.വി. തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ആധുനിക സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പാലസിന്റെ നവീകരണം വളരെ മനോഹരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അടുത്തിടെ ട്രാവന്‍കൂര്‍ പാലസ് സന്ദര്‍ശിച്ച ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു.
വിശാലമായ ഓപ്പണ്‍ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണു പുതിയതായി ഒരുക്കിയിട്ടുള്ളത്. ദില്ലി ഹാട്ട് മാതൃകയില്‍ കേരളത്തിന്റെ തനത് ഉല്പന്നങ്ങളുടെ വിപണിയും ഉണ്ടാകും. ആര്‍ട്ട് ഗാലറികളും സെമിനാര്‍ ഹാളും കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്. പുതിയതായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനങ്ങളും വരും. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പ്ലോട്ടിലെ ഏകദേശം രണ്ടേക്കറോളം സ്ഥലത്താണു സാംസ്കാരിക നിലയം സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന് മുമ്പോ കോടികള്‍ പൊടിച്ച ഉദ്ഘാടനം നടന്നത് കെ ഫോണിനായിരുന്നു. 4.35 കോടി രൂപയായിരുന്നു ഈ ചടങ്ങിന് ചെലവായത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികത്തിനും സംസ്ഥാനമൊട്ടാകെ കോടികള്‍ ചെലവിട്ടായിരുന്നു ആഘോഷങ്ങള്‍. വൈദ്യുതി നിരക്ക്, ഇന്ധനസെസ് തുടങ്ങീ ജനങ്ങളില്‍ നിന്ന് പിഴിയാന്‍ കഴിയുന്നിടത്തോളം വസൂലാക്കുന്ന സര്‍ക്കാര്‍ ഇത്തരം ആര്‍ഭാടങ്ങള്‍ കുറയ്ക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.
അതേസമയം, ധനപ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ 1,000 കോടി കൂടി കടമെടുത്തു. ഇനി 2,890 കോടി മാത്രമാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അവശേഷിക്കുന്നത്. കടപ്പത്രം ലേലം ചെയ്ത് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ എടുത്തത് 1000 കോടിരൂപ. 7.36 ശതമാനമാണ് പലിശ. 18 വര്‍ഷത്തേക്കുള്ള കടപ്പത്രങ്ങളാണ് റിസര്‍വ് ബാങ്ക് വഴി ലേലം ചെയ്തത്.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണി ഇടപെടല്‍ നടത്താന്‍ സപ്ലൈകോയ്ക്ക് ഈയാഴ്ച കുറച്ചു പണം നല്‍കുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കാനും ഇന്നലെ കടമെടുത്ത തുക ഉപയോഗിക്കും.രണ്ടുമാസത്തെ ക്ഷേമപെന്ഷന്, ഓണം അഡ്വാന്‍സ്, കെ.എസ്.ആര്.ടി.സിക്കുള്ള സഹായം എന്നിവയ്ക്കൊക്കെ ഇനി പണം കണ്ടെത്തണം. ഓണം അഡ്വാന്‍സിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടുമില്ല.
ഇന്നലെ 1000 കോടി എടുത്തതോടെ ഇനി ഡിസംബര്‍ വരെ കടമെടുപ്പിനായി അവശേഷിക്കുന്നത് കേവലം 2890 കോടി രൂപയാണ്. ഡിസംബര്‍ വരെ 15390 കോടി കടമെടുക്കാനായിരുന്നു കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 12500 കോടി കടമെടുത്തു കഴിഞ്ഞു. അഞ്ചുമാസം സര്‍ക്കാരിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
നിലവില്‍ 5 ലക്ഷത്തിന്റെ വരെ ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കുന്നതില്‍ തടസമില്ല. സപ്ലൈകോയ്ക്ക് പുറമെ കെ.എസ്.ആര്.ടി.സിയും ധനവകുപ്പിന്റെ കനിവ് കാത്തിരിക്കുകയാണ്. ശമ്പളത്തിന് സഹായമായി സര്‍ക്കാര്‍ നല്കുന്ന 80 കോടിയില്‍ 40 കോടി കിട്ടിയാലേ കെ.എസ്.ആര്.ടി.സിയില്‍ രണ്ടാം ഗഡു ശമ്പളം നല്കാന് കഴിയൂ. പെന്ഷന് വിതരണത്തിന് തിങ്കളാഴ്ച 71 കോടി നല്കിയതിനാല് ശമ്പളവിതരണത്തിനുള്ള സഹായം നല്‍കാനാവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.