രാഷ്ട്രീയ അങ്കത്തിനിറങ്ങിയ അഖിൽ മാരാർക്ക് തൃക്കാക്കരയിൽ കനത്ത തോൽവി

ബിഗ് ബോസ് വിജയത്തിന് ശേഷം രാഷ്ട്രീയ അങ്കത്തിനിറങ്ങിയ അഖിൽ മാരാർക്ക് തൃക്കാക്കരയിൽ കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർക്ക് ഇതുവരെ 13,251 വോട്ടുകൾ മാത്രമാണ് നേടാനായത്. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസ് 28,675 വോട്ടുകളുടെ വ്യക്തമായ ലീഡോടെ വിജയമുറപ്പിച്ചിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫിനെ മാത്രം തുണച്ചിട്ടുള്ള ചരിത്രമാണ് തൃക്കാക്കരയ്ക്കുള്ളത്. കൊച്ചി നഗരസഭയുടെ വിവിധ വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ പ്രൊഫഷണലുകളും മധ്യവർഗ വോട്ടർമാരുമാണ് കൂടുതൽ. ഒരു പ്രത്യേക സമുദായത്തിനും ആധിപത്യമില്ലാത്ത ഇവിടെ വികസനവും രാഷ്ട്രീയവും ചർച്ചയായപ്പോൾ ഉമ തോമസിനൊപ്പം ജനങ്ങൾ ഉറച്ചുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസ് താരമെന്ന നിലയിലുള്ള തന്റെ ജനപ്രീതി വോട്ടായി മാറുമെന്ന് അഖിൽ മാരാർ പ്രതീക്ഷിച്ചിരുന്നെങ്കിലും, രാഷ്ട്രീയ പോരാട്ടത്തിൽ ആ ആത്മവിശ്വാസം ഫലം കണ്ടില്ല.