ശമ്പളം കൊടുക്കാന്‍ പണമില്ല, പിന്നെങ്ങനെ ഡി.എ കുടിശിക കൊടുക്കുമെന്ന് ബാലഗോപാല്‍

തിരുവനന്തപുരം: ഡി.എ കുടിശിക കിട്ടാന്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇനിയും കാത്തിരിക്കേണ്ടിവരും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡി.എ കുടിശിക ഈ സാമ്പത്തിക വര്‍ഷം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ധനമന്ത്രി ബാലഗോപാലിന്റേത് .

ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ പണം അനുവദിക്കൂ. ഭരണാനുകൂല സംഘടന വരെ ഡിഎ കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടും ധനമന്ത്രി തന്റെ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല.

ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമ്പോള്‍ ഡിഎ കുടിശിക എങ്ങനെ കൊടുക്കും എന്നാണ് ഇക്കൂട്ടരോട് ബാലഗോപാലിന്റെ ചോദ്യം. ഡിഎ കുടിശിക അനന്തമായി നീളുന്നത് സര്‍ക്കാരിന് തിരിച്ചടിയാണെന്ന അഭിപ്രായം ഇടതുമുന്നണിയിലും ശക്തമാണ്.

അടുത്ത ബജറ്റില്‍ ഡിഎ പ്രഖ്യാപിക്കാനാണ് ധനമന്ത്രിയുടെ നീക്കം. 6 ഗഡു ഡി.എ നിലവില്‍ കുടിശികയാണ്. 2 ഗഡു ഡിഎ ബജറ്റില്‍ പ്രഖ്യാപിച്ച് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം ശമിപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബാലഗോപാല്‍.

പ്രതിപക്ഷ സംഘടനകള്‍ ഡി.എ കുടിശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു കഴിഞ്ഞു. 3000 ത്തോളം പെന്‍ഷന്‍കാരാണ് അര്‍ഹതപ്പെട്ട പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമ ആശ്വാസവും ലഭിക്കാതെ മരണപ്പെട്ടത്. 6 ഗഡു ഡി എ കുടിശിക സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കി 1000 കോടി രൂപ കൂടി കടമെടുത്തതോടെ ഡിസംബര്‍ വരെ കടമെടുക്കാന്‍ ബാക്കിയുള്ള തുക 2890 കോടിയായി കുറഞ്ഞു.

കടമെടുത്ത 1000 കോടിക്ക് പുറമെ വീണ്ടും കടമെടുത്താലേ അടുത്ത മാസം ആദ്യം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സാധിക്കൂ. ശമ്പളം മുടങ്ങാതിരിക്കാന്‍ ധനവകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ആലോചനയും ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *