വീര്യം കുറഞ്ഞ മദ്യ വിഷയത്തിൽ സർക്കാരിനുള്ളിൽ പൊട്ടിത്തെറി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിൽ ഭരണപക്ഷത്ത് വൻ ഭിന്നത. സ്വന്തം വകുപ്പിലെ നിർണ്ണായക തീരുമാനം താൻ അറിയാതെ എടുത്തതിലുള്ള കടുത്ത പ്രതിഷേധമറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണും. നിയമസഭാ സമ്മേളനത്തിനിടയിലാകും ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുക.
സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമായ പശ്ചാത്തലത്തിൽ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ധാതു സംസ്കരണ മേഖലയിലെ സ്വകാര്യ പങ്കാളിത്തവും സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായി. രണ്ട് വിഷയങ്ങളിലും സർക്കാരിനെ ശക്തമായി വളയാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെടുത്ത ഈ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ വലിയ രീതിയിൽ അതൃപ്തി പുകയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഈ വിഷയങ്ങളിൽ തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്നപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്ത അതേ വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെ കടുത്ത ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.