മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അദൃശ്യ സംഘം സംസ്ഥാനത്തെ പല സാമ്പത്തിക ഇടപാടുകളിലും മദ്ധ്യസ്ഥത വഹിക്കുന്നു: ഗുരുതര ആരോപണവുമായി ഐജി ലക്ഷ്മണ്‍

കൊച്ചി: സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ. ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഹൈക്കോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാന്‍ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണ്. മോന്‍സണ്‍ കേസില്‍ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നില്‍ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ആരാണ് ഈ അതോറിറ്റിയെന്ന് ഹര്‍ജിയില്‍ പറയുന്നില്ല.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ലക്ഷ്മണിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ പരാതിക്കാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലോ മൊഴിയിലോ തന്റെ പേരു പറയുന്നില്ല. എന്നിട്ടും തന്നെ പ്രതി ചേര്‍ത്തത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയ രാഘവന്‍ സര്‍ക്കാരിന്റെ നിലപാടു തേടി. ഹര്‍ജി ആഗസ്റ്റ് 18 നു വീണ്ടും പരിഗണിക്കും. കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ എന്നിവരെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *