സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കില്‍ അപമാനിച്ച : മുന്‍ സബ് ജഡ്ജ് എസ് സുദീപ് കേടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങല്‍.

ശനിയാഴ്ച രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിൽ കേസ് രജിസ്റ്റർ ചെയ്ത തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സുദീപിന് നിർദ്ദേശം നൽകി. കേസിൽ സുദീപിന്റെ ജാമ്യ ഹർജി പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തില്ല. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ചതേയില്ല.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് നല്‍കിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് കുറിപ്പ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സിന്ധു സൂര്യകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവരെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സുദീപിന്‍റെ ഭാഗത്ത് നിന്ന് തുടര്‍ന്നും ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *