“സ്ത്രീകൾ പണം നൽകാൻ തയ്യാറായാലും സ്വീകരിക്കില്ല; പ്രിയദർശിനി പദ്ധതിയിൽ മന്ത്രിയുടെ വിശദീകരണം”

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയനുസരിച്ച് സർവീസ് നടത്തുന്ന ഓർഡിനറി ബസിൽ വനിതാ യാത്രക്കാരി പണം നൽകാൻ തയ്യാറായാലും വാങ്ങാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഓർഡിനറി ബസുകൾ സിറ്റി ഫാസ്‌റ്റ് ആക്കി ഓടിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ബസുകൾ ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്. ഒരു ഓർഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. തിരിച്ചറിയാൻ ആണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ ഒട്ടിച്ചത്. രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കി. പൊഴിയൂർ- അഞ്ചുതെങ്ങ്, പാപ്പനംകോട്- വികാസ്ഭവൻ സർവീസുകളാണ് ഓർഡിനറിയാക്കിയത്.
ജൂൺ 16ന് 18.56 ലക്ഷം പേരാണ് ഓർഡിനറിയിൽ യാത്രചെയ്‌തത്. ആ ദിവസത്തെ 2.46 കോടി രൂപ സർക്കാർ കെഎസ്ർആർടിസിക്ക് നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രി പ്രതികരിച്ചു. ക്രമക്കേട് ഉണ്ടെന്ന ആരോപണം ഗതാഗത വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്ന് സിപി ജോൺ അറിയിച്ചു.