കോളേജ് പ്രിൻസിപ്പൽ നിയമനം: 43 അംഗ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്താൻ ട്രൈബ്യൂണൽ ഉത്തരവിട്ടു

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ ആരോപണ മുനയിൽ നിർത്തിയ കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. മന്ത്രി ബിന്ദു കരട് പട്ടികയായി പരിഗണിക്കാൻ നിർദ്ദേശം നൽകിയ 43 അംഗ അന്തിമ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാണ് നിർദ്ദേശം. രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ ട്രൈബ്യൂണൽ ഇതുവരെ യോഗ്യത തേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താനും നിർദ്ദേശം നൽകി.
പ്രധാന രേഖകൾ അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാൻ കഴിഞ്ഞ ദിവസം ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. അന്തിമപട്ടിക കരട് പട്ടികയാക്കാൻ ഉന്നതവിദ്യാസ മന്ത്രി നിർദ്ദേശിച്ചുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്സും ഹാജരാക്കാനാണ് നിർദ്ദേശം.
എന്നാൽ പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രിൻസിപ്പൽ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാർ. പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്.
യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല. മന്ത്രിയുടെ നിർദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്
43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.