നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി.

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് നല്‍കി. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നാണ് ദിലീപിന്റെ വാദം.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നല്‍കിയ മറുപടി

 

Leave a Reply

Your email address will not be published. Required fields are marked *