ഓണച്ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ ചെലവുകള്‍ ചുരുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി

ജീവനക്കാര്‍ക്കു നല്‍കുന്ന ഓണം അഡ്വാന്‍സ് ഒഴിവാക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാനാണു സാധ്യത. 3 മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഒന്നോ രണ്ടോ മാസത്തെ നല്‍കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. തിരുവോണം ഈ മാസം 29ന് ആണ്. മാസാവസാനമാണ് ഓണമെങ്കില്‍ ആ മാസത്തെ ശമ്പളം മുന്‍കൂട്ടി നല്‍കുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇതു നിര്‍ത്തലാക്കി. ഈ ഓണത്തിനും മുന്‍കൂര്‍ ശമ്പളം നല്‍കില്ല.

ഈ മാസം ശമ്പളവും പെന്‍ഷനും വിതരണം ചെയ്തുകഴിയുമ്പോള്‍ ഖജനാവ് കാലിയാകുന്ന സ്ഥിതി കണക്കിലെടുത്ത് ഓണച്ചെലവുകള്‍ക്കായി വീണ്ടും കടമെടുക്കാനാണ് ആലോചിക്കുന്നത്. ഓണത്തിന് 8,000 കോടി രൂപയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 3 മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ 2,880 കോടി വേണം. ഇതിനാവശ്യമായ പണമില്ലാത്തതിനാലാണ് ഒന്നോ രണ്ടോ മാസത്തെ നല്‍കാന്‍ ആലോചിക്കുന്നത്

നെല്ല് സംഭരിച്ച വകയില്‍ 270 കോടി രൂപ കൂടി നല്‍കാനാണ് ഇപ്പോഴത്തെ ആലോചന. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ വിതരണക്കാര്‍ക്ക് 560 കോടി കൊടുക്കാനുണ്ട്. ആകെ 250 കോടിയാണ് ധനവകുപ്പ് കഴിഞ്ഞദിവസം നല്‍കിയത്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയ പ്രഥമാധ്യാപകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കുമായി 52 കോടി നല്‍കണം.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍സ്വകാര്യ ആശുപത്രികള്‍ക്ക് 557 കോടി രൂപ നല്‍കാനുണ്ട്. 338 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും മരുന്നുകള്‍ വാങ്ങിയ വകയിലും കോടികള്‍ കുടിശികയുണ്ട്. കെഎസ്ആര്‍ടിസിക്ക് മുന്‍ മാസങ്ങളില്‍ നല്‍കാനുള്ള സഹായത്തില്‍ 50 കോടിയാണു കുടിശിക.

ഈ മാസം ഇതിനു പുറമേ 50 കോടി കൂടി കൊടുത്താലേ ജീവനക്കാര്‍ക്ക് ഓണമുണ്ണാന്‍ കഴിയൂ. 20 രൂപയ്ക്ക് ഊണു നല്‍കിയ ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നല്‍കിയിട്ട് മാസങ്ങളായി. ജീവനക്കാരുടെ ക്ഷാമബത്ത 6 ഗഡു കുടിശികയായി. ഇതിനൊക്കെ പുറമേ ഓണത്തിന് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവ വിതരണം ചെയ്യണം.

 

Leave a Reply

Your email address will not be published. Required fields are marked *