പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരില്‍ നിന്ന്

കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിര്‍മിക്കുന്ന കുര്‍ത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്. കണ്ണൂര്‍ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പ് വീവിംഗ് സൊസൈറ്റിയാണ് കുര്‍ത്ത നിര്‍മിക്കുന്നത്. മോദിയ്ക്ക് പുറമേ മറ്റ് പ്രമുഖര്‍ക്കായും കുര്‍ത്ത ഒരുക്കുന്നുണ്ട്.

ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ എസ് അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി വിനോദ് കുമാര്‍ ഓണക്കോടി നിര്‍മിക്കുന്നതിന്റെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ പവിത്രന്റെ പിന്തുണയും കൂടിയായതോടെ ധൈര്യം ഇരട്ടിയായി.കണ്ണൂര്‍ വാരത്തെ നെയ്ത്തുകാരി കെ ബിന്ദുവാണ് പ്രധാനമന്ത്രിയ്ക്കുള്ള ഓണസമ്മാനം നെയ്തെടുക്കുന്നത്.

ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരാഴ്ചയായി. അതീവശ്രദ്ധ വേണ്ടതിനാല്‍ ദിവസം മൂന്നുമീറ്റര്‍ തുണി മാത്രമേ നെയ്തെടുക്കാന്‍ സാധിക്കുകയുള്ളൂ. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്‌ളസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് മോദിയ്ക്കുള്ള കുര്‍ത്ത തുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്‍പ്പന ചെയ്തത്.

ഇളംപച്ച, റോസ്, വെള്ള, ചന്ദനനിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേര്‍ത്താണ് കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുത്തനെയുള്ള വരെയാണ് മറ്റാരു പ്രത്യേകത. ദേശീയ കൈത്തറി ദിനമായ തിങ്കളായഴ്ച കുര്‍ത്ത തുണി തിരുവനന്തപുരത്തെത്തിക്കും. ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ തുന്നല്‍കേന്ദ്രത്തിലാണ് കുര്‍ത്ത തയ്ച്ചെടുക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *