പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം നിയമസഭയില്‍ ആയുധമാക്കാനുള്ള നീക്കവുമായി പ്രതിപക്ഷം

വീണാ വിജയന് സേവനമില്ലാതെ പണം നല്‍കി എന്നുള്ളതാണ് വിവാദം. മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് വീണയ്ക്ക് ലഭിച്ചത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റേതാണ് കണ്ടെത്തല്‍. ഇത് സഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നല്‍കിയത്.

പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് പറയുന്നത്.വീണയും സ്വന്തം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യന്‍സും സി എം ആര്‍ എലുമായി കരാറുണ്ടാക്കിയിരുന്നു. ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നായിരുന്നു കരാര്‍.

എന്നാല്‍, സേവനങ്ങളൊന്നും നല്‍കിയില്ലെങ്കിലും കരാര്‍ പ്രകാരം മാസംതോറും പണം നല്‍കിയെന്നാണ് സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്.അതേസമയം, വീണയുടെ കമ്പനിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു.

ആക്രോശവും വെല്ലുവിളിയും നടത്തി മുഖ്യമന്ത്രി ചോദ്യത്തില്‍ നിന്ന് ഒളിച്ചോടി. മകള്‍ വ്യക്തിപരമായാണ് പണം വാങ്ങിയത്. ഏത് പശ്ചാത്തലത്തിലാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യം നിയമസഭയില്‍ ഇന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണയുടെ പണമിടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *