പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കടന്ന വാദ പ്രതിവാദങ്ങള്‍ മുറുകുകയാണ്

സ്ഥാനാര്‍ത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചര്‍ച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാര്‍ത്ഥികള്‍ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചര്‍ച്ചയാക്കുന്ന എല്‍ഡിഎഫിന് ചാണ്ടി ഉമ്മന്‍ നല്കിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി.
വികസന വിഷയത്തില്‍ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജെയ്ക് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും ചാണ്ടി ഉമ്മന്‍ സംവാദത്തിന് ക്ഷണിക്കുന്നതായും ജെയിക്ക് സി തോമസ് വിശദീകരിക്കുന്നു.
അതേസമയം, പള്ളിതര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടും ജെയ്ക് വ്യക്തമാക്കി. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തിലെ കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങളും സമാധാനപരമായി മുന്നോട്ട് പോകണമെന്നും, എംവി ഗോവിന്ദന് പറഞ്ഞതില്‍ വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ജെയ്ക് പറഞ്ഞു