ഇന്ത്യയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുന്നു : രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് രാഹുല്‍ ആരോപിച്ചു. അതിര്‍ത്തിയിലെ ജനങ്ങള്‍ ഭയപ്പാടിലാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു
ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും, ചൈന കടന്നുകയറ്റം തുടരുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളില്‍ നടപടികളുണ്ടാകുന്നില്ല. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂമിയിലാണ്. അതിനാല്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ ഭയപ്പാടിലാണ്. ചൈന ഇപ്പോഴും കടന്നുകയറുകയാണെന്നാണ് അവര്‍ പറയുന്നത്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമാക്കിയതിനു ശേഷം ലഡാക്കിലെ ആളുകള്‍ ഒട്ടും സന്തുഷ്ടരല്ല. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വളരെ രൂക്ഷമായി ജനങ്ങള്‍ അനുഭവിക്കുകയാണ്. അവര്‍ക്ക് നിരവധി പരാതികളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലഡാക്കിലെ പാംഗോങ്ങിലാണ് രാഹുല്‍ ഗാന്ധിയുള്ളത്.
രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഞായറാഴ്ച പാംഗോങ്ങില്‍, രാഹുല്‍ പ്രത്യേക പൂജയും പുഷ്പാര്‍ച്ചനയും നടത്തി. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ബ്രിക്‌സ് ഉച്ചകോടിയിലെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചാകും ചര്‍ച്ചയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.