മോന്‍സന്‍ മാവുങ്കലുമായി ചേര്‍ന്ന് ചാനല്‍ തട്ടിപ്പ് ; ഒന്നാംപ്രതി ഹരിപ്രസാദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലുമായി ചേര്‍ന്ന് ചാനലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാംപ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പൂവച്ചല്‍ പുളിങ്കോട് രേവതിയില്‍ ഹരിപ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് 4-ലെ ഇന്‍സ്പെക്ടര്‍ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഹരിപ്രസാദിനെക്കുറിച്ചുള്ള രഹസ്യവിവരം ക്രൈംബ്രാഞ്ച് എസ്.പി: കെ.കെ. അജിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

ബാബു ഉമാശ്ശേരി മേജര്‍ ഷെയര്‍ഹോള്‍ഡറായ സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരികള്‍ ഉടമ അറിയാതെ വ്യാജരേഖകള്‍ ചമച്ച് പലരില്‍ നിന്നായി 3.5 കോടി രൂപയാണ് ഹരിപ്രസാദ് തട്ടിയെടുത്തത്. സിഗ്നേച്ചര്‍ കമ്പനിയുടെ മറ്റൊരു ഷെയര്‍ ഉടമയായ പരേതനായ വെട്ടൂര്‍ ശ്രീധരന്റെ പേരിലുള്ള ഓഹരികളും ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ ഹരിപ്രസാദിനെ പൂജപ്പുര ജില്ലാ ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മോന്‍സന്‍ മാവുങ്കല്‍ ഈ കേസിലെ രണ്ടാംപ്രതിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *