പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയില്‍ പങ്കുചേരും.
ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഒന്നാം ദിനം മുതല്‍ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കലാശക്കൊട്ടിന്റെ തലേന്നും അവസാനമുണ്ടായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും സൈബര്‍ കൂട്ടങ്ങള്‍ വെറുതെ വിടുന്നില്ല.
സൈബര്‍ ആക്രമണങ്ങളില്‍ ജെയ്ക്കിന്റെ ഭാര്യ ഗീതു ഇന്നലെ പരാതി നല്കി. ജെയ്ക്കിന് വേണ്ടി അയല്‍വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോണ്‍ഗ്രസ് അനുകൂല സൈബര്‍ പോരാളികള്‍ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്. ട്രോളുകള്‍ കൂടിയതോടെ കോട്ടയം എസ് പിക്ക് ഗീതു തോമസ് പരാതി നല്കി. ജയ്ക്ക് സി തോമസ് സൈബര്‍ പരിഹാസങ്ങള്‍ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗീതു പരാതി നല്‍കിയത്
ഉമ്മന്‍ ചാണ്ടിയുടെ അവസാന നാളുകളില്‍ ചികിത്സയില്‍ പിഴവ് വരുത്തിയെന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാന്‍ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബര്‍ പോരാളികള്‍ സംഭാഷണം പ്രചരിപ്പിക്കുന്നത്.
സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദന് പ്രതികരിച്ചത്. സഹോദരി, ഭാര്യ, അമ്മ എന്തിനേറെ മരിച്ചുപോയവരെ പോലും വെറുതെ വിടാതെയുള്ള സൈബര്‍ പോര് എല്ലാ പരിധികളും ലംഘിക്കുകയാണ്.