മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം : മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴല്‍നാടനെതിരെ സിപിഎം ഭൂമിയിലെ ക്രമക്കേട് ഉയര്‍ത്തിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തില്‍ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില 3.5 കോടിയാക്കി കാണിച്ചുലെന്നായിരുന്നു ആക്ഷേപം. സിപിഎം വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു. ഇതെല്ലാം മാത്യു തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാറിനോട് അനുമതി തേടിയിരുന്നു.

ആ ആവശ്യമാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്കാണ് അനുമതി. ഉത്തരവില്‍ മാത്യുവിന്റെ പേരില്ല. ഏത് അന്വേഷണത്തെയും നേരത്തെ സ്വാഗതം ചെയ്തതാണെന്ന് മാത്യു പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ജനം വിലയിരുത്തട്ടെയെന്നും മാത്യു എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാത്യുവിന്റെ വിവാദ റിസോര്‍ട്ടിന്റെ ലൈസന്‍സ് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ നിദ്ദേശം നല്‍കി. ഇവ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലൈസന്‍സ് പുതുക്കി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയായതിനാലാണ് അതു വരെ മാത്രം പുതുക്കി നല്‍കിയത്.

മുന്‍പ് ഹോംസ്റ്റേ ലൈസന്‍സായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിസോര്‍ട്ട് ലൈസന്‍സാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നല്‍കുന്നുണ്ട്. ഇത് ക്ലറിക്കല്‍ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോര്‍ട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നല്‍കേണ്ടത്. അതേ സമയം പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളില്‍ ഈ കെട്ടിടം റിസോര്‍ട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്.

 

 

Leave a Reply

Your email address will not be published. Required fields are marked *