വീണയുടെ കമ്പനി ജിഎസ്ടി അടച്ചതായി ഒടുവില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ഒടുവില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വീണയുടെ കമ്പനിയുടെ വിവരങ്ങള്‍ നിയമപ്രകാരം നല്കാന് കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയത്. ഇതുത് വീണ ജിഎസ്ടി അടച്ചിട്ടില്ലെന്ന തരത്തില്‍ പ്രചാരണത്തിനു കാരണമാകുമെന്നു വന്നതോടെയാണു ജിഎസ്ടി അടച്ചെന്നു കാട്ടി ധനവകുപ്പ് ഇന്നലെ മാത്യു കുഴല്നാടന് എംഎല്‍എക്കു മറുപടി നല്‍കിയത്.
വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും ജിഎസ്ടി അടച്ചോ എന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കുഴല്നാടന് ഓഗസ്റ്റ് 19ന് ആണു ധനമന്ത്രിക്ക് ഇമെയില്‍ മുഖേന കത്തു നല്‍കിയത്. 2 മാസത്തിനു ശേഷം ഇന്നലെയാണ് ഇമെയിലായുള്ള മറുപടി. നിയമപ്രകാരം നല്‍കേണ്ട നികുതി അടച്ചിട്ടുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയ ധനവകുപ്പ്, തുക എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല. 1.72 കോടിക്ക് അടയ്ക്കേണ്ട ഐജിഎസ്ടി എക്സാലോജിക് ബെംഗളൂരുവില്‍ അടച്ചതായി നേരത്തെ ധനമന്ത്രിക്ക് ജിഎസ്ടി കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീണ നികുതി അടച്ചില്ലെന്നു മാത്യു കുഴല്നാടന് ഓഗസ്റ്റില്‍ ആരോപിക്കുന്നതിനു മുന്‍പു തന്നെ ജിഎസ്ടി അടച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നു വീണയുടെ കമ്പനി പണം കൈപ്പറ്റിയെന്ന ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ വെളിച്ചത്തായതിനു പിന്നാലെയാണ് ഈ പണത്തിന് വീണയുടെ കമ്പനി നികുതി അടച്ചിട്ടുണ്ടെങ്കില്‍ രേഖകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചു കുഴല്നാടന് രംഗത്തെത്തിയത്. ജിഎസ്ടി രേഖകള്‍ പിറ്റേന്നു തന്നെ പുറത്തുവിടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന് പറഞ്ഞെങ്കിലും ചെയ്തില്ല