പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റന്‍ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റന്‍ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്‌സ് ക്രെയിന്‍ (ഷിപ്പ് ടു ഷോര്‍ ക്രെയിന്‍) ഇന്ന് വൈകിട്ടോടെ ബര്‍ത്തിലിറക്കിയത്. കപ്പലില്‍കൊണ്ടുവന്ന ക്രെയിനുകളില്‍ ഏറ്റവും വലിയതാണിത്. ഈ ക്രെയിന്‍ ഇറക്കാനാണ് ഏറെ വെല്ലുവിളികളുണ്ടായിരുന്നത്. മറ്റു ക്രെയിനുകള്‍ ഇന്നലെയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് കൂറ്റന്‍ ക്രെയിന്‍ ഇറക്കാനായിരുന്നില്ല. ഇന്ന് ഉച്ചക്കാണ് ഈ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്. വൈകിട്ട് നാലോടെ ക്രെയിന്‍ വിജയകരമായി ബര്‍ത്തില്‍ ഇറക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെയാണ് ക്രെയിന്‍ ഇറക്കുന്നത് വൈകിയത്. അവസാനത്തെ ക്രെയിനും ഇറക്കിയതോടെ ഷെന്‍ഹുവ-15 നാളെ മടങ്ങും.

ആകെ മൂന്ന് ക്രെയിനുകളാണ് ഷെന്‍ഹുവ-15ല്‍ കൊണ്ടുവന്നിരുന്നത്. ഷെന്‍ഹുവ-15ല്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകള്‍ ഇറക്കിയിരുന്നു. വലിയ പ്രതിസന്ധികള്‍ക്കൊടുവിലാണ് ക്രെയിനുകള്‍ ഇറക്കിയത്. കടല്‍ക്ഷോഭവും ചൈനീസ് തൊഴിലാളികള്‍ക്ക് കരയ്ക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകള്‍ തുറമുഖത്ത് ഇറക്കാനുള്ള നടപടികള്‍ നീണ്ടുപോകുകയായിരുന്നു. തടസങ്ങള്‍ നീങ്ങി വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ ലഭ്യമാവുകയും കടല്‍ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് മൂന്നു ദിവസങ്ങളിലായി മൂന്നു ക്രെയിനുകളും ഇറക്കാനായത്.

വാര്‍ഫില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ച മൂന്ന് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ധ തൊഴിലാളികളും വാട്ടര്‍ലൈന്‍, വില്യംസ് ഷിപ്പിംഗ് ഏജന്‍സികളില്‍ നിന്നുളളവരുമടങ്ങുന്ന സംഘമാണ് ക്രെയിനുകള്‍ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. ഇതിനിടെ, വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ -29 ചൈനയില്‍നിന്ന് പുറപ്പെട്ടു. നവംബര്‍ 15ഓടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *