ക്ലിഫ് ഹൗസില്‍ പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നത് 5.92 ലക്ഷത്തിന്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ക്ലിഫ് ഹൗസില്‍ പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നത് 5.92 ലക്ഷത്തിന് . 2023 സെപ്റ്റംബര്‍ 18 നായിരുന്നു ടെണ്ടര്‍. ടെണ്ടറിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

നിലവിലെ വാട്ടര്‍ ടാങ്കില്‍ നിന്നു വരുന്ന വെള്ളത്തിന് ഫോഴ്‌സില്ല എന്ന പരാതി പരിഹരിക്കാന്‍ പ്രതലത്തില്‍ നിന്ന് ഉയര്‍ത്തിയാണ് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മാണം. ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപ മാത്രമാണ് കൊടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ലൈഫ് മിഷന്‍ നിശ്ചലമാണ്.ബജറ്റ് വിഹിതത്തിന്റെ 3 ശതമാനം മാത്രമാണ് ബാലഗോപാല്‍ ലൈഫ് മിഷന്‍ ഇതുവരെ നല്‍കിയത്. ലൈഫ് മിഷന് പോലും പണം കൊടുക്കാത്ത ബാലഗോപാലിന് ക്ലിഫ് ഹൗസിലെ പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ 5.92 ലക്ഷം കൊടുക്കുന്നതിന് യാതൊരു മടിയും ഇല്ല. ട്രഷറി നിയന്ത്രണം ഒന്നും ക്ലിഫ് ഹൗസിന് ബാധകമല്ല.

3.72 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ് ഹൗസില്‍ ചാണക കുഴി നിര്‍മ്മിച്ചത്. 2023 ജനവരി 16 നായിരുന്നു ക്ലിഫ് ഹൗസില്‍ ചാണക കുഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിച്ചത്.42.50 ലക്ഷത്തിന് ക്ലിഫ് ഹൗസില്‍ കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പ് 42.50 ലക്ഷത്തിന് കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ ഉത്തരവും ഇറക്കി.സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ക്ലിഫ് ഹൗസില്‍ കാലിതൊഴുത്ത് നിര്‍മ്മിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാലി തൊഴുത്ത് നിര്‍മ്മാണം 2 ടെണ്ടറിലൂടെയാണ് നടന്നത് എന്നതിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു. 2021 ഡിസംബര്‍ 3 നായിരുന്നു ആദ്യ ടെണ്ടര്‍.

കാലിതൊഴുത്തും ബി.ജെ.പി ക്കാര്‍ ക്ലിഫ് ഹൗസ് മതില്‍ ചാടി കടന്നതിന്റെ ഫലമായി ഉണ്ടായ ചെറിയ പുനരുദ്ധാരണവും ഉള്‍പ്പെടെ 21.33 ലക്ഷത്തിനാണ് ആദ്യ ടെണ്ടര്‍ ക്ഷണിച്ചത്. 34.64 ലക്ഷത്തിനായിരുന്നു കാലി തൊഴുത്ത് നിര്‍മ്മാണത്തിന്റെ അടുത്ത ടെണ്ടര്‍. 2022 ആഗസ്ത് 18 നാണ് ടെണ്ടര്‍ ക്ഷണിച്ചത്.2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *