ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കെ പുതിയ തന്ത്രം പയറ്റാനൊരുങ്ങി ബിജെപി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കെ പുതിയ തന്ത്രം പയറ്റാനൊരുങ്ങി ബിജെപി. മാര്‍ച്ച് പകുതിക്ക് മുന്‍പായി എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി ആദ്യവാരം മോദി കേരളത്തിലെത്തിയിരുന്നു. ബിജെപിയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ജനുവരി മൂന്നിന് അദ്ദേഹമെത്തിയത്. തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തിലൂടെ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കമിടുകയായിരുന്നു.

കേരളത്തിലെയും ഗുജറാത്തിലെയും രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും ലക്ഷദ്വീപിലെയും സന്ദര്‍ശനത്തിനുശേഷം മഹാരാഷ്ട്രയിലാണ് അടുത്തതായി മോദി എത്തുന്നത്. ഇതിന് പിന്നാലെ ജനുവരി 13ന് ബീഹാറിലും തുടര്‍ന്ന് ജാര്‍ഖണ്ഡിലും എത്തും. ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനായി അദ്ദേഹം എത്തും. ഇതിനൊപ്പം തന്നെ മറ്റിടങ്ങിലെ സന്ദര്‍ശനം കൊണ്ടുപോകാനാണ് ബിജെപിടയുടെ പദ്ധതി.

പ്രധാനമന്ത്രിയെ കൂടാതെ പാര്‍ട്ടിയിലെ ശക്തരായ അമിത് ഷാ, ജെ പി നദ്ദ എന്നിവരെ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പായിതന്നെ എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കാനാണ് ബിജെപിയുടെ നീക്കം.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ ഓരോ റൗണ്ട് സന്ദര്‍ശനം സംഘടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഓരോ സന്ദര്‍ശന സ്ഥലത്തും ഒരു പൊതുപരിപാടിയും റോഡ് ഷോയും നടത്തുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി വിപുലമായ പദ്ധതികളാണ് ബിജെപി തയ്യാറാക്കിയിട്ടുള്ളത്. ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍. പിന്നാലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള സന്ദര്‍ശനം എന്നിങ്ങനെയാണ് മാസ്റ്റര്‍ പ്ലാന്‍.

 

Leave a Reply

Your email address will not be published. Required fields are marked *