പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നു, റോഡുപണി വിവാദത്തിൽ റിയാസിനെതിരെ സിപിഎം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. തലസ്ഥാനത്തെ സ്മാർട് സിറ്റി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള റിയാസിന്റെ പ്രസംഗം അപക്വമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതൃപ്‌തി മന്ത്രിയെ അറിയിച്ചെന്നാണ് സൂചന.
കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. പാർട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചക്ക് വന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിർന്ന നേതാക്കളിൽ മിക്കവരും റിയാസിന്റെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്.പ്രസംഗം വിവാദമായതോടെ താൻ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന പരാമർശത്തോടെ റിയാസ് രംഗത്തെത്തിയിരുന്നു. റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന തരത്തിൽ ഫേസ്ബുക്കിൽ കടകംപള്ളിയും ഫോട്ടോയും കുറിപ്പുമിട്ടു