അദാനിയേക്കാൾ കൂടുതൽ വിഴിഞ്ഞത്തെ വികസിപ്പിക്കേണ്ട ആവശ്യം ഇപ്പോൾ സംസ്ഥാന സർക്കാരിന്

തിരുവനന്തപുരം: നികുതി വിഹിതം കുറച്ചും വായ്പയെടുക്കാൻ അനുവദിക്കാതെയും ഗ്രാൻഡുകൾ പിടിച്ചുവെച്ചും കേരളത്തെ ശ്വാസം മുട്ടിക്കുന്നത് തുടരാനാണ് കേന്ദ്രസർക്കാർ നീക്കമെങ്കിൽ സ്വന്തം വഴിതേടുമെന്ന സൂചന നൽകി സംസ്ഥാന സർക്കാർ. ഇതിനുള്ള പ്ളാൻ ബികൈയിലുണ്ടെന്ന് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
എന്താണ് പ്ളാൻ ബി
സ്വന്തം നികുതിവരുമാനം, കേന്ദ്ര ഗ്രാൻഡ്, വായ്പ എന്നീ മൂന്ന് തരത്തിലാണ് സംസ്ഥാനത്തിന് വരുമാനം. നികുതികൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ നടന്നുപോകുന്നത്. ഗ്രാൻഡുകൾ കേന്ദ്രം പിടിച്ചുവയ്ക്കുന്നു.വായ്പയെടുക്കാൻ സമ്മതിക്കുന്നുമില്ല. ഇതുമൂലം സംസ്ഥാനത്തിന് 57000കോടിരൂപയുടെ വരുമാനം കിട്ടുന്നില്ലെന്നാണ് പരാതി.ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
പക്ഷേ, കേരളത്തിന് അനുകൂലമായ തീരുമാനത്തിന് സാധ്യത കുറവെന്നാണ് സൂചന. കേരളമോഡൽ വികസനം പോലെ, കേരളമോഡൽ വരുമാന മാർഗ്ഗങ്ങളും കണ്ടെത്താനാണ് നീക്കം. കിഫ്ബിയിൽ കേന്ദ്രം പിടിമുറുക്കിയതിനാൽ ആ വഴി ഇനി നീങ്ങാനാവില്ല.ഇടതു നയങ്ങൾക്ക് വിരുദ്ധമെന്ന് തോന്നാതെ സ്വകാര്യവൽക്കരണത്തെ സ്വീകരിക്കാനും വികസനത്തിന് പണം കണ്ടെത്താനുമാണ് ആലോചന. വിഴിഞ്ഞം പദ്ധതി ഇതിനു തെളിവാണ് കേന്ദ്രസർക്കാർ കൊച്ചിയിലെ ഷിപ്പ് യാർഡ് വികസിപ്പിച്ചത് പ്രയോജനപ്പെടുത്താൻ കഴിയും
ഷിപ്പ് യാർഡിന് സമീപം അനുബന്ധ വ്യവസായങ്ങൾ കൊണ്ടുവരാനാണ് ശ്രമം. വിഴിഞ്ഞത്തിന് സമീപം കൂടുതൽ സ്ഥാപനങ്ങളെ കൊണ്ടുവരുകയും വേണം. അതിലൂടെ വരുമാനവും തൊഴിലും കൂട്ടുകയാണ് ലക്ഷ്യം. വിഴിഞ്ഞത്തിനടുത്ത് വൻകിട ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ റിന്യു എന്ന കമ്പനി മുന്നോട്ട് വന്നിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമെങ്കിലും അതെല്ലാം അവഗണിച്ച് വ്യവസായങ്ങൾക്ക് സൗകര്യം നൽകാനാണ് സർക്കാർ നീക്കം.പാർട്ടിക്കുള്ളിലും പുറത്തും എതിർപ്പ് ഉയരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. കേന്ദ്രസർക്കാരുമായി അനുരഞ്ജനത്തിൽ പോകേണ്ടിയും വരും. നിർണ്ണായകമായ നയമാറ്റത്തിനാണ് സർക്കാരും ഇടതുമുന്നണിയും ഒരുങ്ങുന്നത്.