24 മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്; വ്യോമാതിർത്തി മാറ്റി എയർ ഇന്ത്യ

ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡമാസ്‌കസിലുള്ള ഇറാൻ എബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. നാളെയോടെ ഇറാന്റെ ആക്രമണമുണ്ടാവുമെന്ന് യുഎസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.

സംഘർഷം കണക്കിലെടുത്ത് എയർ ഇന്ത്യാ വിമാനങ്ങൾ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കുകയാണ്. ലണ്ടനിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി കൂടുതൽ ദൂരം സ‌ഞ്ചരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.യൂറോപ്പിലേക്ക് പോകുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങൾക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ രണ്ട് മണിക്കൂർവരെ കൂടുതൽ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുന്നു. അതേസമയം, മിഡിൽ ഈസ്റ്റിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇറാനിയൻ വ്യോമാതിർത്തിയുടെ തെക്ക് പറക്കുന്നതിനാൽ സംഘർഷം ബാധിക്കില്ല.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആക്രമണം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഡ്രോണുകളും മിസൈലുകളും ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തികളിൽ നിന്ന് 2000 കിലോമീറ്റർ അകലെവരെ ആക്രമണം നടത്താൻ ശേഷിയുള്ള ബാലിസ്റ്റിക്, ക്ര്യൂസ് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകൾക്ക് പിന്നാലെ ഇസ്രായേലിനെ സഹായിക്കാനും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനയെ സംരക്ഷിക്കാനും യു എസ് കൂടുതൽ സൈനികവ്യൂഹത്തെ അയച്ചു. ഇതിന്റെ ഭാഗമായി യു എസ് എസ് കാ‌ർണെ അടക്കം രണ്ട് കപ്പലുകൾ മെഡിറ്ററേനിയൻ കടലിലേയ്ക്ക് അയച്ചു. ആക്രമണത്തെ ചെറുക്കാനുള്ള നയതന്ത്ര നീക്കങ്ങളും അമേരിക്ക ശക്തമാക്കി. അടിയന്തര ചർച്ചകൾക്കായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മൈക്കൽ കുറില്ലയെയും ബൈഡൻ ഇസ്രായേലിലേക്ക് അയച്ചിരിക്കുകയാണ്.

ദമാസ്‌കസിലെ കോൺസുലേറ്റിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് ജനറലുകൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഇസ്രായേൽ സുരക്ഷ ശക്തമാക്കുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു. സൈനികർക്ക് ഹോം ലീവ് റദ്ദാക്കിയതിന് പുറമെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജിപിഎസ്-നാവിഗേഷൻ സംവിധാനമുള്ള ഡ്രോണുകളോ മിസൈലുകളോ രാജ്യത്തിന് നേരെ തൊടുത്തുവിടാൻ സാദ്ധ്യതയുള്ള മിസൈലുകളെ തടസപ്പെടുത്തുന്നതിനായി ടെൽ അവീവിന് മുകളിലൂടെ നാവിഗേഷൻ സിഗ്നലുകൾ നിരത്തുകയും ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *