ആശമാരെ ആക്ഷേപിച്ചിട്ടില്ല, സഹായിച്ചിട്ടേയുള്ളൂ; പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കെ.കെ ശൈലജ

ആശാ വർക്കർമാരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ലെന്നും അവരെ സഹായിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും കെ.കെ. ശൈലജ. ആശാ വർക്കർമാരുടെ കാര്യത്തിൽ ഇപ്പോഴുണ്ടായ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും എന്നാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് പെട്ടെന്ന് പറയാനാകില്ലെന്നും അവർ വ്യക്തമാക്കി.

പിണറായി വിജയനെ മാറ്റണമെന്ന തരത്തിലുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു. അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പാർട്ടി തീരുമാനിച്ചു കഴിഞ്ഞതാണെന്നും അതിൽ മാറ്റമില്ലെന്നും അവർ കൂട്ടിച്ചേർത്തു. പേരാവൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ ജയസാധ്യതയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. പല മണ്ഡലങ്ങളിലും ഇത്തരം ചർച്ചകൾ സ്വാഭാവികമാണ്. സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങൾ താൻ കൂടി ഭാഗമായെടുത്ത കൂട്ടായ തീരുമാനമായിരുന്നു. ഒരു ഘട്ടത്തിൽ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് തിരുത്തിപ്പറയുന്നതിൽ അർത്ഥമില്ല എന്നും ശൈലജ പ്രതികരിച്ചു.