ഇടതു മുന്നണിയില്‍ മനംമടുത്ത് വലതാകാന്‍ സിപിഐ, സിപിഎമ്മിനെതിരെ ബിനോയ് വിശ്വത്തിന്റെ രൂക്ഷ വിമര്‍ശനം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഇടതുമുന്നണിയ്ക്കുള്ളിലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎമ്മിനുള്ളില്‍തന്നെ മുറുമുറുപ്പ് ഏറുന്നതിനിടെ പ്രധാന ഘടകകക്ഷിയായ സിപിഐയും രംഗം കൊഴുപ്പിക്കുന്നതാണ് ഇടതുമുന്നണിക്ക് തലവേദനയാകുന്നത്.

പി.ജയരാജനെതിരേയും നേതാക്കള്‍ക്കെതിരേയും രൂക്ഷവിമര്‍ശനമുന്നയിച്ച മുന്‍ സിപിഎം നേതാവ് മനുതോമസിനെതിരേ ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണി മുഴക്കിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് സിപിഐയും രംഗത്തുവരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായ ഭാഷയിലാണ് ഇതുസംബന്ധിച്ച് പ്രസ്തവനയിറക്കിയത്.

കണ്ണൂരില്‍നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്നും നിലവില്‍ ഇടതു പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കു ചെറുതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായും ബിനോയ് വിശ്വം ഓര്‍മ്മപ്പെടുത്തുന്നു.

ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍നിന്നു ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂവെന്നും നിലപാട് പ്രഖ്യാപിക്കുന്ന പ്രസ്താവനയാണ് ഇന്നലെ പുറത്തുവന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ ഘടകങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസ്സിനോടൊപ്പം ഭരണം പങ്കിട്ട കാലമാണ് സിപിഐയുടെ സുവര്‍ണ്ണ കാലമെന്നുവരെ സിപിഐയ്ക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായി വീണ്ടും സിപിഐയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കാനത്തിനുശേഷം സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ ബിനോയ് വിശ്വം ശ്രമിക്കുന്നത്. ഇടതുപക്ഷ അപചയങ്ങള്‍ ചൂണ്ടിക്കാട്ടി നിരന്തരമായി സിപിഐ രംഗത്തെത്തുന്നത് സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപിയാണ് ഉണ്ടാക്കുന്നത്.

കേരളാ കോണ്‍ഗ്രസ് എമ്മിനുവേണ്ടി രാജ്യസഭാ സീറ്റ് ഒഴിഞ്ഞുനല്‍കണമെന്ന സിപിഎം നിര്‍ദ്ദേശത്തിനു വഴങ്ങാന്‍ സിപിഐ തയ്യാറാകാതെ വന്നതും ബിനോയ് വിശ്വമെടുത്ത കടുത്ത നിലപാടിന്റെ വിജയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം സിപിഎമ്മില്‍ സംഭവിച്ച അപചയം ആണെന്ന് നിരന്തരം പറയാന്‍ ശ്രമിക്കുന്നതാണ് സിപിഎം നേതാക്കളെ ചൊടിപ്പിക്കുന്നതും. സിപിഎമ്മിന് ഏറ്റുകൊണ്ടിരിക്കുന്ന പ്രഹരങ്ങള്‍ക്ക് എരിവുപകരുന്നതരത്തിലാണ് ബിനോയ് വിശ്വത്തിന്റെ ഓരോ പ്രസ്താവനങ്ങളും. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ ഇടതുമുന്നണിയെ കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. അതുകൊണ്ടുതന്നെയാണ് സിപിഐയ്ക്കെതിരേ പരസ്യമായി പ്രതികരിക്കാതെ സിപിഎം നേതാക്കള്‍ മൗനംപാലിക്കുന്നതും.

എന്തുവിലകൊടുത്തും സംസ്ഥാനഭരണത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് ശ്രമച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍, പ്രധാന ഘടകകക്ഷിയായ സിപിഐ ചൊടിപ്പിക്കേണ്ടതില്ലെന്നും സിപിഎം കണക്കുകൂട്ടുന്നു. സിപിഐയ്ക്കുള്ളില്‍ ബിനോയ് വിശ്വത്തിനെതിരായ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. ഇതിനിടെ രാജ്യസഭാ സീറ്റ് പി.പി. സുനീറിനു നല്‍കിയത് കാനം രാജേന്ദ്രന്റെ ആഗ്രഹത്തിനു വിരുദ്ധമാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സിപിഐയ്ക്കുള്ളില്‍ നടക്കുന്നുണ്ട്. കെ. പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കാനായിരുന്നു കാനം തീരുമാനിച്ചിരുന്നതെന്നും ബിനോയ് വിശ്വം ഈ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *