കരുവന്നൂര്‍ കള്ളപ്പണ ഇടപാട്, എംഎം വര്‍ഗീസ് അടക്കം 20 ഓളം പേരെ കൂടി പ്രതി ചേര്‍ക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇരുപതോളം പേരെ കൂടി പ്രതി ചേര്‍ക്കാന്‍ ഇ ഡി. സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസും കേസില്‍ പ്രതിയാകുമെന്നാണ് വിവരം. അതേസമയം ഇഡി നിലപാടിനെ ഗൗരവത്തിലാണ് സിപിഎം കാണുന്നത്. നിയമനടപടികളിലേക്ക് കടക്കാന്‍ ശനിയാഴ്ച ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പാര്‍ട്ടി നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന ആശങ്കയും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. പാര്‍ട്ടിയെ കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ല ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലാണ് എംഎം വര്‍ഗീസിനെയും പ്രതി ചേര്‍ക്കുന്നത്. ഇതോടൊപ്പം വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയവരും അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാത്തവരും പ്രതികളാകും.
എം എം വര്‍ഗീസ് അടക്കമുള്ളവരെ പ്രതി ചേര്‍ത്തുള്ള കേസിന്റെ രണ്ടാം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
ഇടവേളക്ക് ശേഷം കരുവന്നൂര്‍ കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് ഇഡി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ ജില്ല സെക്രട്ടറി എം എം വര്‍ഗീസിനെ നിരന്തരമായി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്ന ഇഡി പിന്നീട് തെരഞ്ഞെടുപ്പോടെ അവസാനിപ്പിച്ചിരുന്നു. സുരേഷ്‌ഗോപിക്കായി ബിജെപി ഇഡിയെ ഉപയോഗിക്കുന്നുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ സുരേഷ്‌ഗോപിയെ വിജയിപ്പിക്കാന്‍ സിപിഎമ്മുമായുള്ള അന്തര്‍ധാരയാണ് കരുവന്നൂര്‍ കേസിലെ നടപടികള്‍ ഇഴയുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. സുരേഷ്‌ഗോപി വിജയിക്കുകയും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും കേസുമായി ബന്ധപ്പെട്ട് മറ്റ് നീക്കങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കോണ്‍ഗ്രസ് ആരോപണത്തിന് സാധൂകരണം നല്‍കിയുള്ള ആക്ഷേപങ്ങളുമുയര്‍ന്നിരിക്കെയാണ് അപ്രതീക്ഷിതമായി അക്കൗണ്ടുകള്‍ മരവിപ്പിച്ചുള്ള ഇഡിയുടെ നടപടിയുണ്ടാവുന്നത്.
പാര്‍ട്ടി പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിക്കായി വാങ്ങിയ അഞ്ച് സെന്റ് സ്ഥലവും സിപിഎമ്മിന്റെ പേരില്‍ കരുവന്നൂര്‍ ബാങ്കിലടക്കമുള്ള എട്ട് അക്കൗണ്ടുകളിലെയുമായി 73.63 ലക്ഷത്തിന്റെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. ഒന്നാംഘട്ട അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രം ഇതിനകം ഇഡി കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടാം ഘട്ട അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതിലാണ് സിപിഎമ്മിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.ബാങ്കില്‍ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ അവകാശവാദം. ബാങ്കില്‍ നിന്നും അനധികൃത വായ്പ സ്വീകരിച്ച പത്ത് പേരുടെ അടക്കം 29 കോടിയാണ് ഇഡി കണ്ടുകെട്ടിയത്. കരുതലോടെ നീങ്ങാനാണ് സിപിഎം തീരുമാനം. കേസ് കൈകാര്യം ചെയ്യുന്ന നിയമവിദഗ്ധരോട് ഇക്കാര്യത്തില്‍ അടിയന്തരമായി നിയമ പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്