കരുണാകരന്‍ ജന്മദിന അനുസ്മരത്തില്‍ നിന്ന് സതീശനും ചെന്നിത്തലയും പുറത്ത്

കെ.സുധാകരനെ നേരിട്ട് ക്ഷണിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയില്‍ കടുത്ത അതൃപ്തിയിലുള്ള കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കത്തിന് ഒരുങ്ങുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി സഹകരിച്ച് കോണ്‍ഗ്രസിനുള്ളില്‍ പുതിയ സമവാക്യസാധ്യതകള്‍ തെളിയുന്നതായാണ് സൂചന. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കെ മുരളീധരന്റെ നേതൃത്വത്തിലുള്ള കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന കെ കരുണാകരന്‍ ജന്മദിന അനുസ്മരണത്തില്‍ കെ സുധാകരന്‍ മാത്രമാണ് പങ്കെടുക്കുന്നത്.

കെ മുരളീധരന്‍ തന്നെയാണ് സുധാകരനെ നേരിട്ട് ക്ഷണിച്ചതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് തന്നെയാണ് പുതിയ സമവാക്യ സൂചനക്കടിസ്ഥാനവും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയായിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനോ, രമേശ് ചെന്നിത്തലക്കോ ക്ഷണമില്ല. തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കനത്ത തോല്‍വിയില്‍ തന്നെ കുരുതി നല്‍കിയെന്ന കടുത്ത പരാമര്‍ശമടക്കം നടത്തിയ മുരളീധരന്‍ ഇനി പൊതുരംഗത്തേക്കില്ലെന്ന നിലപാടിലുമാണ്. വട്ടിയൂര്‍ക്കാവില്‍ കേന്ദ്രീകരിക്കുമെന്നും പറഞ്ഞിരുന്നു. തോല്‍വിയില്‍ മുരളീധരനെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ചത് കെ സുധാകരന്‍ മാത്രമായിരുന്നു.

ഫോണില്‍ പോലും ബന്ധപ്പെടാതിരുന്ന സതീശന്‍, ദിവസങ്ങള്‍ക്ക് ശേഷം മുരളീധരന്‍ ഡല്‍ഹിയില്‍ പോയ ദിവസമായിരുന്നു കോഴിക്കോട് വീട്ടിലെത്തിയത്. കാണാതെ മടങ്ങിയതിനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇല്ലാത്ത ദിവസമാണ് എത്തിയതെന്ന പരോക്ഷ വിമര്‍ശനത്തോടെയായിരുന്നു പ്രതികരിച്ചതും. അതൃപ്തിയിലായിരുന്ന മുരളീധരനെ നേരിട്ട് കണ്ട സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം നല്‍കാനും തയ്യാറെന്ന തരത്തില്‍ പ്രതികരണവും നടത്തിയിരുന്നു. മറ്റ് നേതാക്കള്‍ കാണാന്‍ വന്നില്ലെയെന്ന ചോദ്യത്തിന് പല നേതാക്കളും തിരക്കുള്ളവരല്ലേ, അവരൊക്കെ അങ്ങ് പൊയ്ക്കോട്ടേ എന്ന തരത്തിലുള്ള പ്രതികരണവുമാണ് മുരളീധരന്‍ പറഞ്ഞിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന ആളുകള്‍ മതി എന്ന നിലപാടിലേക്കും പുതിയ നീക്കങ്ങളിലേക്കും മുരളീധരന്‍ പോകുന്നുവെന്നാണ് സൂചന. കെപിസിസിയും, അടുത്ത നിയമസഭയില്‍ വട്ടിയൂര്‍ക്കാവും ലക്ഷ്യമിട്ടാണ് കെ മുരളീധരന്റെ തുടര്‍നീക്കങ്ങളെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *