ആകാശനിരീക്ഷണം പൂർത്തിയാക്കി പ്രധാനമന്ത്രി, കൽപറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക്

കൽപ്പറ്റ: ഉരുൾപൊട്ടൽ അതിവിനാശം വിതച്ച വയനാട്ടിൽ ഹെലികോപ്‌ടറിൽ ആകാശനിരീക്ഷണം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശ നിരീക്ഷണം പൂ‌ർത്തിയാക്കിയ അദ്ദേഹം കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിതല ഉപസമിതി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്ററാണ് ദുരന്തമേഖലയിലേക്കുള്ളത്. ബെയ്‌ലി പാലത്തിലൂടെയാണ് മോദി ഇവിടേക്ക് എത്തുക. ബെയ്‌ലി പാലം നിർമ്മിച്ച സൈനികരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും. ദുരന്തപ്രദേശം സന്ദർശിച്ച ശേഷം ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും, ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരേയും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഉന്നതതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക.

വയനാട് കളക്‌ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസ് താൽക്കാലികമായി പ്രധാനമന്ത്രിയുടെ ഓഫീസായി പ്രവർത്തിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. കൽപ്പറ്റയിലും മേപ്പാടിയിലും നിയന്ത്രണമുണ്ട്. 12 എസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ.

കേന്ദ്ര സംഘത്തോട് 2000 കോടി ആവശ്യപ്പെട്ടു

വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് കേരളം തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനായി വേണ്ടി വരും. നിലവിൽ ക്യാമ്പുകൾ തുടരും. ദുരന്ത ബാധിതർക്ക് സമാശ്വാസ തുക അടിയന്തരമായി നൽകേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതിൽ സർക്കാരിന് കർക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിക്കണമെന്നതുൾപ്പെടെ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *