വന്ദേഭാരത് വന്നതോടെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വലഞ്ഞു

കൊച്ചി: വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകുന്നതിന് വേണ്ടി പാലരുവി എക്‌സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാരുടെ പ്രതിഷേധം. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നൽകിയിട്ടുണ്ട്.

രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്‌സ്‌പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം പിടിച്ചിടാറുണ്ട്. കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്‌സ്‌പ്രസ്. തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജു പോസ്റ്ററുമായാണ് യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്‌സ്‌പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്ക് പോകുന്നവർക്ക് ഉപകാരമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

കൂടാതെ കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രക്ലേശം രൂക്ഷമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനും പരിഹാരം കാണണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പുനലൂർ – ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്‌സ്‌പ്രസിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താൽപര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു. പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നതായി ഒരു മലയാള ഓൺലെെൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *