കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായേക്കും

കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായേക്കും. നിലവിലെ അധ്യക്ഷ രേഖാശർമയുടെ കാലാവുധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. 2018 മുതൽ രണ്ട് ടേമുകളിലായി അധ്യക്ഷയായിരുന്നു രേഖാശർമ. 15ന് ഡൽഹിയിലേക്ക് പത്മജയോട് എത്താനായി ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഗവർണർ പദവിയിലേക്ക് പത്മജയെ പരിഗണിച്ചിരുന്നു. ഇതിൽ സമ്മതം അറിയിക്കുകയും ചെയ്തിരുന്നതാണെങ്കിലും പിന്നീട് പത്മജ തന്നെ ഗവർണ പദവി വേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു.

സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാനും, സ്വകാര്യതയെ അടക്കം ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ഗവർണർ പദവി നിരസിച്ചതെന്നാണ് ബി.ജെ.പി നേതാക്കൾ തന്നെ നൽകുന്ന സൂചന. ഒരാഴ്ച മുമ്പ് മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. കൈലാസനാഥൻ അടക്കം 10 പേരെ ഗവർണർമാരായി നിയമിച്ചതിൽ പത്മജയടക്കമുള്ള നേതാക്കൾ ഉൾപ്പെടാതിരുന്നത് ഏറെ ചർച്ചയായിരുന്നു. പത്മജയെ ഗവർണറാക്കാതിരുന്നത് മറ്റ് പദവി മോഹികളെ നിരാശരാക്കുകയും ചെയ്തിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലെത്തിയെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകളും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പത്മജ വേണുഗോപാൽ അടക്കം ആളുകൾ ഗവർണർ പദവി വാഗ്ദാനത്തിലുണ്ടായിരുന്നു. പത്മജയുടെ വരവിനൊപ്പം പിന്നാലെ നിരവധി കോൺഗ്രസ് കുടുംബങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. തൃശൂരിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായതോടെ പദവി ഉറപ്പിച്ച നിലയിലായിരുന്നു. വിവിധ നേതാക്കൾ ഇക്കാര്യം പറയുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പും പദവിയുണ്ടാകുമെന്ന് നേതാക്കളും സൂചിപ്പിച്ചിരുന്നുവെങ്കിലും ഗവർണർമാരുടെ നിയമനത്തിൽ പത്മജ ഉൾപ്പെടാതിരുന്നതോടെ വീണ്ടും ചർച്ചയാവുകയായിരുന്നു.

പദവി മോഹികൾ നിസംഗരാവുകയും ബി.ജെ.പിയോട് അടുക്കാൻ നിന്നവർ വീണ്ടും പുനരാലോചനക്കായി മാറുകയും ചെയ്തതോടെയാണ് പുതിയ നിയമനത്തിലേക്ക് ബി.ജെ.പി നേതൃത്വം എത്തിയത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാബിനറ്റ് റാങ്കോടെ നിയമിച്ചേക്കുമെന്നാണ് വിവരം. 15ന് ഡൽഹിയിൽ എത്താൻ ബി.ജെ.പി ദേശീയ നേതൃത്വം പത്മജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ നിയമനവും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *