ഇവരോട് എന്ത് സമാധാനം പറയും’ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞ്;മന്ത്രി എ.കെ. ശശീന്ദ്രന്‍

മുണ്ടക്കൈ മേഖലയില്‍ ജനകീയ തെരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഉരുള്‍പൊട്ടലില്‍ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖിന്റ വേദനയ്ക്ക് മുന്നിലായിരുന്നു മന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. എന്ത് സമാധാനം പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി മഹാദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
മുണ്ടക്കൈ മേഖലയിലെ ജനകീയ തെരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയതായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. മുണ്ടക്കൈ പള്ളിക്ക് സമീപം ഉരുള്‍ നാമവശേഷമാക്കിയ വീട്ടിലേക്ക് എത്തിയ മന്ത്രിയോട് പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖ് തന്റെ വേദന പറഞ്ഞു. ഇവിടെയായിരുന്നു തന്റെ വീടെന്നും പിതാവിനെയും സഹോദരനെയും കിട്ടിയിട്ടില്ലെന്നും കുട്ടി മന്ത്രിയോട് പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ മന്ത്രി വിതുമ്പി. പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന മാതാവിന്റെ സഹോദരിയുടെ കുടുംബവും ആ ദുരന്ത രാത്രി ഈ വീട്ടിലുണ്ടായിരുന്നുവെന്ന് ഇസഹാഖ് പറഞ്ഞു. മന്ത്രി ഇസഹാഖിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വിങ്ങി പൊട്ടി. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ‘ഇവരോട് ഞാന്‍ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവര്‍ക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളില്‍ എടുക്കേണ്ട’തെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ ഇസഹാഖിന്റെ മാതാവ് ശസ്ത്രക്രിയയ്ക്ക് ശേഷം നരിക്കുനിലെ ബന്ധുവീട്ടിലാണ്. ബന്ധുവായ അയ്യൂബിനൊപ്പം നരിക്കുനിയില്‍ നിന്നാണ് ഇസഹാഖ് മുണ്ടക്കൈയിലേക്ക് എത്തിയത്.