മോദിയുടെ വയനാട് സന്ദർശിക്കാനെത്തിയതിന് ചെലവായ 40 ലക്ഷം രൂപ അനുവദിച്ച് കെ.എന്‍.ബാലഗോപാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതിന് ചെലവായ 40 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 10 നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചെലവുകള്‍ക്കായി 40 ലക്ഷം രൂപ അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ധനവകുപ്പിനോട് ആഗസ്റ്റ് 8 ന് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 9 ന് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായി 40 ലക്ഷം കെ.എന്‍ ബാലഗോപാല്‍ അനുവദിച്ചു.

കേരളം കണ്ടതില്‍ വച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ബാധിക്കപ്പെട്ടയാളുകളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനുമായിരുന്തിനു പ്രധാനമന്ത്രിയുടെ വരവ്. ഇപ്പോഴും തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന അവസ്ഥയിലാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിത പ്രദേശങ്ങള്‍. നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ അതേ ഹെലികോപ്റ്ററില്‍ പ്രധാന മന്ത്രിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *